Skip to content Skip to main navigation Skip to footer

കുടുംബ വൃക്ഷം കരുത്തോടെ തളിരണിയട്ടെ!

admin

കുടുംബ വൃക്ഷം കരുത്തോടെ തളിരണിയട്ടെ!

പി. വി. ഷാനവാസ്

കുടുംബം സാമൂഹ്യ ജീവിതത്തിന്‍റെ അടിസ്ഥാന ഘടകമാണല്ലോ.. ചെറിയ കുടുംബങ്ങള്‍ കാലക്രമത്തില്‍ വളര്‍ന്ന് വികസിക്കുമ്പോള്‍ ഇഴയടുപ്പം കുറയാനുള്ള സാധ്യതകള്‍ ഏറെയാണ്.

ബോധപൂര്‍വ്വം കൂടിച്ചേരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടു മാത്രമേ അടുപ്പം ഊട്ടിയുറപ്പിക്കാനാവൂ.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന ചിന്ത എന്‍റെയുള്ളില്‍ ഉറയ്ക്കുന്നത്. നിങ്ങളെല്ലാം സ്നേഹത്തോടെ അബൂട്ടികാക്ക എന്നു വിളിക്കുന്ന എന്‍റെ ഉപ്പയിലൂടെയാണ്. നന്നേ ചെറുപ്പത്തിലേ ഞാന്‍ കാണുന്ന കാഴ്ചയുണ്ട്. വളരെ ഗൗരവത്തില്‍ കുത്തിക്കുറിക്കുന്ന ഉപ്പ. പുത്തന്‍ വീട്ടില്‍ കുടുംബവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തെരഞ്ഞുപ്പിടിച്ച് അത് കുറിച്ചു വെക്കുന്ന ശീലം ഉപ്പാക്കുണ്ടായിരുന്നു.

പി.വി. അബ്ബാസലിക്കാക്കയുമായി കൂടിച്ചേര്‍ന്ന് പുത്തന്‍ വീട്ടില്‍ കുടുംബ സംഗമം ചേരണമെന്ന മോഹമെല്ലാം ആദ്യമേ പങ്കു വെച്ചിരുന്നു ഉപ്പ. ആ വഴിക്ക് ചില ശ്രമങ്ങളും അവര്‍ തുടങ്ങി വെക്കുകയുണ്ടായി.

പുത്തന്‍ വീട്ടില്‍ തറവാടിന്‍റെ കുടുംബവൃക്ഷം എന്ന ആശയം സാക്ഷാത്ക്കരിക്കാനും ഉപ്പ ശ്രമിച്ചു. അതിനായി ഉപ്പ പല കാലത്തായി കുറിച്ചു വെച്ച കുറിപ്പുകള്‍ ഉപകാരപ്പെട്ടു. കിഴക്കന്‍ ഏറനാട്ടില്‍ ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മഹത്തായ ഒരു മാമരമായി ആ വംശവൃക്ഷം യാഥാര്‍ത്ഥ്യമായി. നമ്മുടെ കുടുംബ കൂട്ടായ്മക്കായി പുത്തന്‍ വീട്ടില്‍ അയ്യൂബ്ക്ക സൗജന്യമായി എടവണ്ണയുടെ ഹൃദയ ഭാഗത്തുള്ള അദ്ദേഹത്തിന്‍റെ ഹിബ പ്ലാസയില്‍ ഒരുക്കി തന്ന കുടുംബ ഓഫീസിന്‍റെ ചുമരില്‍ കമനീയമായി ആലേഖനം ചെയ്ത കുടുംബവൃക്ഷം അമൂല്യമായ ചരിത്ര രേഖയായി ഇന്ന് മാറിയിരിക്കുന്നു. ആ വൃക്ഷത്തിന്‍റെ വേരുകള്‍ വിസ്മരിക്കാതെ പുതിയ തളിരുകളും പൂവുകളും കരുത്തോടെ വളര്‍ന്നു നില്‍ക്കണം.

അതിനു വഴി കാണിക്കാന്‍ ഉപ്പയെപ്പോലുള്ള നമ്മുടെ കുടുംബത്തിലെ മണ്‍ മറഞ്ഞുപോയ പൂര്‍വ്വീകരുടെ ഓര്‍മ്മകള്‍ കരുത്തേകട്ടെ. നമ്മളില്‍ നിന്നും ദൈവസന്നിധിയിലേക്ക് നമുക്കു മുമ്പേ മടങ്ങിയ നമ്മുടെ പ്രിയപ്പെട്ട എല്ലാ കുടുംബ കാരണവന്മാരെയും ഈ അവസരത്തില്‍ സ്മരിക്കുന്നു.

നമ്മില്‍ നിന്നും നമുക്കു മുമ്പേ വിടവാങ്ങിയ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളയും സര്‍വ്വശക്തന്‍ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ.