Skip to content Skip to main navigation Skip to footer

ആമുഖം

admin

പിയപ്പെട്ട കുടുംബാംഗങ്ങളേ, السلام عليكم ,

1998 മുതലാണ് ശാഖോപശാഖകളായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പുത്തന്‍വീട്ടില്‍ കുടുംബാംഗങ്ങളെ ഒരുമിച്ച് ചേര്‍ത്ത് കുടുംബ സംഗമങ്ങള്‍ നടത്താന്‍ തുടങ്ങിയത്.

ഈ കുടുംബ സംഗമങ്ങളില്‍ നിന്ന് കുടുംബത്തിന്‍റെ സമ്പന്നമായ പാരമ്പര്യം നമ്മുടെ പുതുതലമുറ കൂടി മനസ്സിലാക്കിയിരിക്കേണ്ടത് മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമാണെന്ന് മനസ്സിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെയൊരു പ്രസിദ്ധീകരണത്തിന് തുടക്കം കുറിക്കുന്നത്.

പുതുതലമുറയുടെ അറിവിനു വേണ്ടി പുത്തന്‍ വീടിന്‍റെ ലഘു ചരിത്രവും വിവിധ കുടുംബങ്ങളില്‍ നിന്ന് മണ്‍മറഞ്ഞു പോയവരെ കുറിച്ചുള്ള ചെറുവിവരണങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മത വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച മഹത്തായ പാരമ്പര്യമുള്ള ഒരു വലിയ തറവാടിന്‍റെ വേരുകളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തുടക്കമിട്ടത് മര്‍ഹൂം പി വി അബൂട്ടിയുടെ ചരിത്രശേഖരണത്തില്‍ നിന്നാണ്. മര്‍ഹൂം പി വി ഉമ്മര്‍ കുട്ടിഹാജിയും പി വി ഷൗക്കത്തലി സാഹിബും മറ്റും എഴുതി തയ്യാറാക്കിയ ചരിത്ര രേഖകള്‍, കുടുംബത്തിന്‍റെ ചരിത്ര സൂക്ഷിപ്പുകാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മുണ്ടേങ്ങരയിലെ പിവി കോയ സാഹിബിന്‍റെ നിറംമങ്ങാത്ത ഓര്‍മ്മകള്‍, തയ്യില്‍ മജീദ് മാസ്റ്ററുടെ ഫെയ്സ്ബുക്ക് കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം ചരിത്രശേഖരണത്തിന് ഏറെ സഹായകരമായി.

ഇതുവരെ വാമൊഴിയായി കിടന്നിരുന്ന ചരിത്രശകലങ്ങളെ ചേര്‍ത്തുവച്ച് ചരിത്ര നിര്‍മ്മിതി പൂര്‍ത്തിയാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ശേഖരിച്ച ചരിത്ര വിവരങ്ങളും പുതിയ തലമുറയുടെ പേര് വിവരങ്ങളും ഫോട്ടോകളും ശേഖരിക്കാനും കൂടുതല്‍ കൃത്യമാക്കുവാനുമുള്ള ശ്രമങ്ങള്‍ ഇനിയും നീണ്ടുപോകും എന്നതിനാല്‍ ലഭ്യമായ വിവരങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്.

ഇത് അപൂര്‍ണ്ണമാണ്, ഇതിന് തുടര്‍ച്ചയുണ്ടാകണം.

ഓരോ കുടുംബ ശാഖയിലെയും ചരിത്ര കുതുകികളായ യുവാക്കള്‍ ഈ പ്രസിദ്ധീകരണം കുറ്റമറ്റതാക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നമ്മുടെ കുടുംബപാരമ്പര്യം കൂടുതല്‍ അറിയുവാനും കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുവാനും ഈ പ്രസിദ്ധീകരണം സഹായകരമാവെട്ടെ എന്ന് സര്‍വ്വശക്തനായ റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നു. മണ്‍മറഞ്ഞുപോയ എല്ലാ കുടുംബാംഗങ്ങളുടെയും പാവന സ്മരണക്കായി ഈ പ്രസിദ്ധീകരണം സമര്‍പ്പിക്കുന്നു.

1 Comment

Leave a Comment

Your email address will not be published. Required fields are marked *