ഇന്ത്യയിലുടനീളം സാമ്രാജ്യത്വവിരുദ്ധ വികാരം അലയടിച്ചു തുടങ്ങിയ ഒരു കാലഘട്ടത്തിലായിരുന്നല്ലോ അദ്ദേഹത്തിന്റെ യൗവനം
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മൊയ്തു മൗലവി തുടങ്ങിയ സ്വാതന്ത്ര്യസമര നേതാക്കന്മാരുമായിട്ടുള്ള സൗഹൃദം അദ്ദേഹത്തെ ദേശീയ പ്രസ്ഥാന രംഗത്തെ സജീവ പ്രവര്‍ത്തകനാക്കി മാറ്റി. കോണ്‍ഗ്രസിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഏറനാട്ടിലെ പ്രമുഖ നേതാവായി അദ്ദേഹം മാറി.
ആ കാലഘട്ടത്തില്‍ ദേശീയനേതാക്കന്മാരായ മൗലാന ഷൗക്കത്തലിയും ഗാന്ധിജിയും ഒരുമിച്ച് കേരളത്തിലങ്ങോളമിങ്ങോളം പര്യടനം നടത്തി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു. പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു.
ഖിലാഫത്ത് നേതാക്കളുടെ നിര്‍ദേശ പ്രകാരം മുഹമ്മദ് ഹാജി എടവണ്ണയില്‍ ഒരു പീടിക മുകളില്‍ ചര്ക്കകേന്ദ്രം തുറന്നു.28 ചര്ക്കകള് സ്ഥാപിച്ചു .സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ചു നൂല്‍നൂല്‍പ്പ് ശാല നടത്തി. ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുസ്ഥാനി ഭാഷ പഠിപ്പിക്കുവാന്‍ നാട്ടില്‍ സംവിധാനമുണ്ടാക്കി തിരുവിതാംകൂറുകാരനായ ഒരു അധ്യാപകനെ ഇതിനായി നിയോഗിക്കുകയും ചെയ്തു
കേരളസിംഹം മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ശക്തനായ അനുയായിയായിരുന്നു അദ്ദേഹം. ഭൂനികുതി കൊടുക്കുന്നവര്‍ക്ക് മാത്രം സ്ഥാനാര്‍ത്ഥിയാകാന്‍ വോട്ട് ചെയ്യാനും യോഗ്യതയുണ്ടായിരുന്ന ആ കാലത്ത് പി . വി മുഹമ്മദ് ഹാജി അദ്ദേഹത്തിന്റെ സ്ഥലം അബ്ദുറഹ്മാന് സാഹിബിന്റെ പേരില്‍ കരമടച്ച് സാഹിബിന് സ്ഥാനാര്ത്ഥിയാക്കിയതായി. പി വി ഉമ്മര്‍കുട്ടി ഹാജി അനുസ്മരിച്ചിട്ടുണ്ട്.
പിന്നീട് നിസ്സഹകരണ പ്രസ്ഥാനം അക്രമത്തിലേക്ക് വഴി തിരിഞ്ഞപ്പോള്‍ ഹാജിയോടും കുടുംബത്തോടും എടവണ്ണയിലേക്ക് മാറി താമസിക്കാന്‍ എളാപ്പ പി. വി കോയമാമു സാഹിബ് ആവശ്യപെട്ടു.അവര്‍ എടവണ്ണ യിലേക്ക് താത്കാലികമായി താമസം മാറുകയും ചെയ്തു.
നിസ്സഹകരണ പ്രസ്ഥാനം ഒരിക്കലും അക്രമത്തിലേക്ക് വഴിമാറരുത് എന്നും നാട്ടുകാര്‍ സമാധാനം പാലിക്കണം എന്നും കോണ്‍ഗ്രസിന്റെയും ഖിലാഫത്തിന്റെയും പ്രാദേശിക നേതാവായ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മിതവാദികളായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ആഹ്വാനങ്ങള്‍ അവഗണിക്കപെടുകയാണുണ്ടായത്.
1924 ല്‍ ഒതായില്‍ അദ്ദേഹം ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു 1926 ല്‍ മൂന്ന് അധ്യാപകരെ കൂടി നിയമിച്ചു സ്കൂള്‍ വികസിപ്പിച്ചു. പെരകമണ്ണ അധികാരിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം.1927ല്‍ എടവണ്ണ ഒതായി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാരക്കുന്ന് ഫര്‍ക്കയില്‍ നിന്ന് താലൂക്ക് ബോര്‍ഡിലേക്ക് ബഹു ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപെട്ടിരുന്നു.
താലൂക്ക് ബോര്‍ഡിലുള്ള തന്റെ സ്വാധീനം ഉപയോഗപ്പെടുത്തി 1928 ല്‍ സ്കൂളിന് അംഗീകാരം നേടിയെടുത്തു. ഇന്നത്തെ മദ്രസ കെട്ടിടത്തിലാണ് ദീര്‍ഘകാലം സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥലവും കെട്ടിടവും ഭാര്യ കെ.വി. ആമിക്കുട്ടിയുടെ പേരില്‍ വഖ്ഫ് ചെയ്യുകയും ചെയ്തു. ഈ വിദ്യാലയം പിന്നീട് ഒതായിയുടെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ ഉന്നമനത്തിനു നിമിത്തമായി മാറി വളര്‍ന്നു വികസിച്ചു.സ്കൂളിന്റെ കൂടുതല്‍ വികസനത്തിനായി മുഹമ്മദ് ഹാജിയുടെ കാലശേഷം മക്കളായ ഉമ്മര്‍കുട്ടി ഹാജിയും ഷൗക്കത്തലി സാഹിബും ഇപ്പോള്‍ ഹൈസ്കൂള്‍ സ്ഥാപിതമായ സ്ഥലം സര്ക്കാറിലേക്കായി നല്കി.
മുസ്ലിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി മതത്തി ന്റെ ശരിയായ പാതയിലേക്ക് അവരെ നയിക്കുവാനായി പ്രവര്‍ത്തനമാരംഭിച്ച മുസ്ലിം നവോത്ഥാന പ്രസ്ഥാനവുമായി തുടക്കം മുതല്‍ അദ്ദേഹം സഹകരിച്ചു.
എടവണ്ണയിലെയും പരിസരപ്രദേശങ്ങളിലെ മുസ്ലിം യാഥാസ്ഥിതികത്വത്തിന് എതിരെ നവോത്ഥാന ചിന്തയുടെ വിത്തുപാകിയ പണ്ഡിതനായിരുന്നു അറക്കല്‍ വലിയ മുഹമ്മദ് സാഹിബ്. മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതാവ് കൂടിയായിരുന്നു അറക്കല്‍ വലിയ മുഹമ്മദ് സാഹിബ്. കെ എം മൗലവി എംസിസി സഹോദരങ്ങള്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാര് വരെ അറക്കല്‍ വലിയ വീട്ടിലെത്തി സംശയങ്ങള്‍ ദൂരീകരിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ പണ്ഡിതന്മാരില് നിന്നും ശരിയായ ആദര്‍ശം പകര്‍ന്ന് കിട്ടിയ മുഹമ്മദ് ഹാജി തന്റെ വിശ്വാസ കര്‍മ്മ രംഗങ്ങളില്‍ അതിന്റെ സുഗന്ധം പരത്തി. മുസ്ലിയാരകത്ത് അലി ഹസന് മൗലവി അറക്കല്‍ ഉണ്ണിക്കോമുസാഹിബ് എന്നിവരായിരുന്നു കൂട്ടുകാര്‍ ഇവരുടെ സമകാലികനും അംശം അധികാരിയും ധനാഢ്യനുമായിരുന്ന മുഹമ്മദ് ഹാജി ഇസ്ലാഹി ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ക്ക് വേണ്ട സംരക്ഷണവും നേതൃത്വവും നല്കിപ്പോന്നു.
ദീനീപ്രവര്‍ത്തനവും ദേശീയ പ്രസ്ഥാന പ്രവര്‍ത്തനവും ഇവര്‍ നടത്തിയിരുന്നത് കൊണ്ട് കോണ്‍ഗ്രസ് വഹാബികള്‍ എന്ന പേര് വരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. പ്രവര്‍ത്തനം നടത്തിയ സ്ഥലങ്ങളിലെല്ലാം വമ്പിച്ച പരിവര്‍ത്തനങ്ങള്‍ നടന്നു.
1922ല്‍ ഐക്യ സംഘം രൂപീകരിച്ചാണ് കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് ഇതിന്റെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് ഹാജി ഐക്യ സംഘത്തിന്റെ പ്രഥമയോഗം ആലുവ മണപ്പുറത്ത് നടന്നപ്പോള്‍ മുഹമ്മദ് ഹാജിയും അറക്കല്‍ വലിയ മുഹമ്മദ് സാഹിബുമാണ് ഏറനാട്ടില്‍ നിന്ന് പങ്കെടുത്തത് ഐക്യ സംഘത്തിന്റെ വാര്‍ഷിക യോഗങ്ങള്‍ പിന്നീട്കേരളത്തിന്റെ പല ഭാഗങ്ങളിലായി നടന്നു. ഇതില്‍ പല യോഗങ്ങളിലും മുഹമ്മദ് ഹാജി പങ്കെടുത്തിരുന്നു. ഗതാഗത സൗകര്യങ്ങള്‍ വളരെ കുറവായിരുന്നകാലത്താണ് ഇതെന്ന് ഓര്‍ക്കണം.
1904 ല്‍ മുഹമ്മദ് ഹാജിയുടെ പിതാവ് പി.വി ചെറിയ ഉമ്മര്‍ ഹാജി നാട്ടുകാരുടെ സഹായത്തോടെ നിര്‍മ്മിച്ച ഒതായി ജുമാഅത്ത് പള്ളിയില്‍ കുഞ്ഞഹമ്മദ് മുസ്ലിയാര് എന്ന ഒരു യാഥാസ്തികനായ മുസ്ലിയാരായിരുന്നു ഖത്തീബ്.
യാഥാസ്തികനായ മുസ്ലയാരും ഉല്പതിഷ്ണുവായ മുഹമ്മദ് ഹാജിയുമായി ആശയ സംവാദങ്ങള്‍ പതിവായി. ഒരിക്കല്‍ സംവാദത്തിനിടക്ക് വിശുദ്ധ ഖുര്‍ആനിനേക്കാള്‍ സ്ഥാനം മാലപ്പാട്ടുകള്ക്കാണെന്ന തന്റെ വിശ്വാസം ഈ മുസ്ലിയാര്‍ക്ക് മുഹമ്മദ് ഹാജിക്ക് എഴുതി കൊടുക്കേണ്ടി വന്നു.
ഇതേതുടര്‍ന്ന് മുഹമ്മദ് ഹാജിയുടെ ജ്യേഷ്ഠന് പി. വി ആലസ്സന്കുട്ടിയുടെ സഹായത്തോടെ ഈ മുസ്ലിയാരെ പള്ളിയില്‍ നിന്ന് ഒഴിവാക്കി.
വെട്ടം അബ്ദുല്ല ഹാജിയെ പോലെയുള്ള പ്രമുഖരായ വാഗ്മികളെ വീട്ടില്‍ താമസിപ്പിച്ച് നിരന്തരമായി നാട്ടുകാര്‍ക്ക് അദ്ദേഹം ഉല്ബോധനങ്ങള് നല്കി.
യാഥാസ്തിക പണ്ഡിതന്മാരുമായി പലതവണ വാദപ്രതിവാദങ്ങള്‍ നടന്നു. അക്കാലത്ത് നടന്ന ഈ ആശയ സംവാദങ്ങള്‍ ഒതായിയിലും എടവണ്ണയിലും പരിസരപ്രദേശങ്ങളിലും വമ്പിച്ച മാറ്റം സൃഷ്ടിച്ചു.
കേരളത്തില്‍ ആദ്യമായി മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോയ ഇടങ്ങളില്‍ ഒന്ന് ഒതായി ആയിരുന്നു. 1946 ല്‍ ആയിരുന്നു ഇത്. മുഹമ്മദ് ഹാജി ഇതിന് പ്രചോദനവും പിന്‍ബലവും നല്കി.
മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമുണ്ടോ എന്ന് ഒരു കൃതി മുഹമ്മദാജി പ്രസിദ്ധീകരിച്ചു. നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൃതിയായിരുന്നു അത്.
1932-33കാലത്ത് പള്ളി പരിപാലന സംഘം രൂപീകരിച്ചു ഇതിന്റെ പ്രസിഡണ്ട് മുഹമ്മദാജി ആയിരുന്നു. 1944 കാലത്താണ് പള്ളി പരിപാലന സംഘത്തിന്റെ പ്രധാന യോഗം ചേര്‍ന്ന് ജംഇയ്യത്തുല്‍ മുഖ്ലിസീന്‍ എന്ന് നാമകരണം ചെയ്തത്. നാട്ടിലെ മതധര്‍മ്മ സ്ഥാപനങ്ങളെ അദ്ദേഹം കൈയ്യയച്ചു സഹായിച്ചു. മസ്ജിദുകള്‍ പണിതു. അദ്ദേഹത്തിന്റെ ഉദാരത വളരെ പ്രസിദ്ധമാണ്.
1962 പാറമലയില്‍ 52 ഏക്കര്‍ സ്ഥലം പള്ളിക്ക് വേണ്ടി അദ്ദേഹം വഖഫ് ചെയ്തു. എടവണ്ണ യതീംഖാന സ്ഥാപിതമായത് 1961 ലാണ്. മുണ്ടേങ്ങരയിലെ തച്ചപറമ്പില്‍ കമ്മത് ഹാജിയാണ് ആവശ്യമായ സ്ഥലവും പണവും നല്‍കിയത്. കോഴിക്കോട് ജെഡിടിയുടെ കീഴിലാണ് യത്തീംഖാന തുടങ്ങിയത്. സുമനസ്സുകളുടെ ഉദാരമായ സംഭാവനകള്‍ മാത്രമായിരുന്നു ഏക ആശ്രയം. അതിലേക്കായി മുഹമ്മദ് ഹാജി തന്റെ ഏറ്റവും പ്രിയപ്പെട്ട കവുങ്ങിന് തോട്ടം തന്നെ വഖഫായി സമര്‍പ്പിച്ചു .
എടവണ്ണയില്‍ യത്തീംഖാനയുടെ നടത്തിപ്പിനായി ഉപദേശക സമിതി രൂപീകരിച്ചപ്പോള്‍ മുഹമ്മദ് ഹാജി ഇതില്‍ അംഗമായിരുന്നു. പി. വി ഉമ്മര്‍കുട്ടി ഹാജി അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി.പി സിതി ഹാജി. എ അലവി ഹാജി എന്നിവര്‍ അംഗങ്ങളായിരുന്നു. 1970ല്‍ യത്തീംഖാന പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയും കറസ്പോണ്ടന്റുമായി നിയോഗിക്കപ്പെട്ടത് മുഹമ്മദ് ഹാജി ആയിരുന്നു.പിന്നീട് മകന് ഉമര്‍ കുട്ടി ഹാജി മരണം വരെ ആ തസ്തികയില്‍ തുടുര്‍ന്നു.
1964 എടവണ്ണയില്‍ സ്ഥാപിതമായ ജാമിഅ നദ്വിയ്യയുടെ മാനേജിങ് ട്രസ്റ്റിയായിരുന്നു മുഹമ്മദ് ഹാജി. ജാമിഅ നദവിയ്യയുടെ നിര്‍മ്മാണത്തിന് അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.
1965 ലാണ് മുഹമ്മദ് ഹാജി അംഗമായിരുന്ന ഏറനാട് എജുക്കേഷന്‍ ട്രസ്റ്റ് മമ്പാട് കോളജ് സ്ഥാപിച്ചത്. സി എന്‍ അഹമ്മദ് മൗലവി, അത്തിക്കല്‍ അഹമ്മദ് കുട്ടി ഹാജി,എംപിഎം അഹമ്മദ് കുരുക്കള്‍, കൊരമ്പയില്‍ അഹമ്മദ് ഹാജി,കെ ടി കുഞ്ഞാന് എംകെ ഹാജി എന്നിവരായിരുന്നു മറ്റും അംഗങ്ങള്‍. കോളേജിന് ആവശ്യമായ സ്ഥലം മുഹമ്മദ് ഹാജിയുടെ മരുമകനായ അത്തം മോയിന്‍ അധികാരിയാണ് നല്‍കിയത്. പിന്നീട് കോളേജ് എംഇഎസ് ഏറ്റെടുത്തു.കോളേജിനായി മുഹമ്മദ് ഹാജി നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ബ്ലോക്ക് ഇപ്പോഴും അവിടെ കാണാന്‍ കഴിയും.
1972 ഫെബ്രുവരി 25-ാം തീയതി 76-ാം വയസ്സില്‍ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെയും ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും മാതൃകാ പുരുഷനായിരുന്ന ഈ മൊയ്തു മൗലവി തന്റെ അനുശോചന സന്ദേശത്തില്‍ ഇപ്രകാരം കുറിച്ചു. "എന്റെ ഏറ്റവും പഴക്കം ചെന്ന സ്നേഹിതനും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സഹപ്രവര്ത്തനമായിരുന്നു പി വി മുഹമ്മദ് ഹാജി, കൂട്ടുകാര്‍ ഓരോരുത്തരായി പോയിക്കഴിഞ്ഞു. പരേതന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു".
സ്വന്തം സുരക്ഷിത മേഖല വിട്ടുകടന്ന് സമുദായ പുരോഗതിക്കായി അത്യദ്ധ്വാനം ചെയ്ത അദ്ദേഹത്തെ പോലുള്ള ചിലരുടെ പരിശ്രമങ്ങളുടെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല സൗഭാഗ്യങ്ങളും.