Skip to content Skip to main navigation Skip to footer

പി വി ഉമ്മര്‍ കുട്ടി ഹാജി

admin

കിഴക്കന്‍ ഏറനാടിന്‍റെവിദ്യാഭ്യാസപരവും മതപരവുമായ ഉയര്‍ച്ചയ്ക്കായി തന്‍റെ ജീവിതകാലം മുഴുവന്‍ ചെലവഴിച്ച ഒരു മഹത് വ്യക്തിയാണ് ഉമ്മര്‍ കുട്ടി ഹാജി. 1917 നവംബര്‍ മാസത്തില്‍ മുഹമ്മദ് ഹാജിയുടെ ആദ്യ പുത്രനായി ജനിച്ചു. ആനക്കയം ബോര്‍ഡ് മാപ്പിള എലിമെന്‍ററി, എടവണ്ണ ബോര്‍ഡ് മാപ്പിള എലിമെന്‍ററി എന്നീ സ്കൂളുകളില്‍ പഠിച്ചു. 1927ല്‍ പിതാവ് മുഹമ്മദാജി ആരംഭിച്ച മാനേജ്മെന്‍റ് സ്കൂളില്‍ ചേര്‍ന്നു. ഈ സ്കൂളിന്1928 ല്‍സ്കൂള്‍ ബോര്‍ഡ് എലിമെന്‍ററി സ്കൂളായി അംഗീകാരം ലഭിച്ചപ്പോള്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ഇവിടെ ചേര്‍ന്നു. 1930 ല്‍ മഞ്ചേരി ബോര്‍ഡ് ഹൈസ്കൂളില്‍ അഞ്ചാം ക്ലാസില്‍ ചേര്‍ന്നു. 1937 ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു സ്കൂള്‍ ജീവിതം നിര്‍ത്തി. പഠനംനിര്‍ത്തുന്നത് പിതാവിന് ഇഷ്ടമുണ്ടായിരുന്നില്ല. സ്വന്തമായി ഒരു തൊഴില്‍ വേണം എന്ന ചിന്തയിലാണ് പഠനം നിര്‍ത്തിയത്.

1939 ല്‍ വിവാഹിതനായി. 1940 ല്‍ കളത്തിങ്ങല്‍ വീട്ടില്‍ താമസമാക്കി. 1938 ല്‍ തന്നെ മുണ്ടേന്തോട്, കറാന്‍പുഴ, ചെക്കുന്ന്, കുട്ടാടന്‍, ആലങ്ങാടി മലകളിലെ ഒരങ്കോല്‍, കൊടക്കാല്‍, മുള, നെല്ലിക്ക എന്നിവയുടെ കച്ചവടം നടത്തി. 1945 മുതല്‍ ഈ മലകളിലെ മരം, വിറക് തുടങ്ങിയവയും കച്ചവടം നടത്തി.

നാടിനും സമുദായത്തിനുംവേണ്ടി സേവനമനുഷ്ഠിക്കണമെന്ന ചിന്ത ചെറുപ്പത്തില്‍ തന്നെ ഉണ്ടായിരുന്നു. പിതാവ് മുഹമ്മദ് ഹാജിക്ക് ദേശീയ പ്രസ്ഥാനവുമായും ഇസ്ലാഹി പ്രസ്ഥാനവുമായും ഉണ്ടായിരുന്ന ബന്ധം ഇതിനു പ്രേരണയായി.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബുമായി ചെറുപ്പത്തില്‍ തന്നെ ബന്ധമുണ്ടായിരുന്നു. മഞ്ചേരി വഴി കടന്നു പോകുകയാണെങ്കില്‍ ലോഡ്ജില്‍ വന്ന അദ്ദേഹം ഉമ്മര്‍ കുട്ടി ഹാജിയെയും അനുജന്‍ ശൗക്കത്തലിയെയും സന്ദര്‍ശിക്കും. ഇദ്ദേഹവുമായുള്ള ബന്ധം സാമുദായിക പരിഷ്കരണ രംഗത്തും ദേശീയ പ്രസ്ഥാന രംഗത്തും സജീവമാകണമെന്ന ചിന്ത ചെറുപ്പത്തില്‍ തന്നെ ഉണര്‍ത്തി.

ഒതായി മഹല്ല് ഭരണം നടത്തിയിരുന്നത് പള്ളി പരിപാലന സംഘമായിരുന്നു. അതിന്‍റെ പ്രസിഡന്‍റ് പിതാവ് മുഹമ്മദാജി ആയിരുന്നു. 1937 പഠനം നിര്‍ത്തി ഒതായിയില്‍ വന്നപ്പോള്‍ പള്ളി പരിപാലന സംഘം കമ്മിറ്റിയില്‍ അംഗമാക്കി. തൂക്കരിയും വരിസംഖ്യയും മാത്രമായിരുന്നു പ്രധാന വരുമാന മാര്‍ഗങ്ങള്‍.

വരുമാനമുണ്ടാക്കാനായി ഹാജിയുടെ നേതൃത്വത്തില്‍ സഹായ കല്യാണം എന്ന പേരിലുള്ള കുറിക്കല്യാണം സംഘടിപ്പിച്ചു. വീടുകള്‍ തോറും കയറിയിറങ്ങി ചെറുപ്പക്കാര്‍ ഇതിന്‍റെ കത്ത് നല്‍കി. മുഹമ്മദാജി തന്‍റെ സൗഹൃദവലയത്തിലുള്ള സമ്പന്നന്‍മാരുടെ സഹായവും ലഭ്യമാക്കി. ഇങ്ങനെ സ്വരൂപിച്ച തുക കൊണ്ട് 300 പറ നെല്ല് പാട്ടം കിട്ടുന്ന സ്ഥലം കാരക്കുന്ന് നരിമൂളിയില്‍ വാങ്ങി.

1944 പള്ളി പരിപാലന സംഘത്തിന്‍റെ വാര്‍ഷിക യോഗത്തില്‍ വച്ച് സംഘത്തിന്‍റെ പേര് ജംഇയ്യത്തുല്‍ മുഖ്ലിസീന്‍ എന്ന് നാമകരണം ചെയ്തു.

ഈ യോഗത്തില്‍ സ്വാഗതപ്രസംഗത്തില്‍ ഉമ്മര്‍കുട്ടി ഹാജിയാണ് സംഘത്തിന്‍റെ പേര് ഇപ്രകാരം വിളിച്ചത്.

കമ്മിറ്റിയുടെ പ്രസിഡന്‍റ് മുഹമ്മദാജി യും അസിസ്റ്റന്‍റ് സെക്രട്ടറി ഉമ്മര്‍കുട്ടി ഹാജിയും ആയിരുന്നു. പിതാവ് പ്രസിഡന്‍റും മകന്‍ സെക്രട്ടറിയും ആകുന്നത് ശരിയല്ലെന്ന പിതാവിന്‍റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഉമ്മര്‍കുട്ടി ഹാജിയെ അസിസ്റ്റന്‍റ് സെക്രട്ടറി ആക്കിയത്. ജോലികള്‍ ചെയ്തിരുന്നത് ഉമ്മര്‍ കുട്ടി ഹാജി തന്നെയായിരുന്നു. പിന്നീട് സെക്രട്ടറി വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചു.

1953 മുതല്‍ സംഘത്തിന്‍റെ പ്രസിഡന്‍റായി. 1962 ല്‍ ആദ്യമായി പള്ളി വിപുലീകരിച്ചു. സ്ത്രീകള്‍ക്ക് പള്ളിയില്‍ സ്ഥല പരിമിതി നേരിട്ടപ്പോള്‍ 1974-75 കാലത്ത് വടക്കുഭാഗത്ത് വീതികൂട്ടി സൗകര്യപ്പെടുത്തി പള്ളി മാളിക ഉണ്ടാക്കി.

തെക്കുഭാഗത്ത് ഒരു ഹാളും തെക്കുപടിഞ്ഞാറുഭാഗത്ത് ഒരു താഴ്വരയും ഉണ്ടാക്കി. 37 കൊല്ലം സംഘം പ്രസിഡണ്ട് ആയി സേവനമനുഷ്ഠിഷ്ച്ചു.

കമ്മിറ്റിക്ക് നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ എല്ലാം കിട്ടുന്നത് 1987 ന് മുമ്പാണ്. മതപഠനത്തിന്നും സ്കൂള്‍ നടത്തിപ്പിനുമായി 1937 ല്‍ കെ വി ആമിക്കുട്ടി മെമ്മോറിയല്‍ എന്ന കെട്ടിടം മുഹമ്മദാജി വഖഫ് ചെയ്തിരുന്നു.

സ്ഥലപരിമിതി നേരിട്ടപ്പോള്‍ 1957 ല്‍ വടക്കുഭാഗത്തുള്ള ഹാള്‍ പണികഴിപ്പിച്ചതും ഉമ്മര്‍കുട്ടി ഹാജി സംഘം പ്രസിഡണ്ടായ സമയത്താണ്.

ആ കൊല്ലം തന്നെ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായിരുന്ന ഭാസ്കരപ്പണിക്കര്‍ക്ക് ഒതായിയില്‍ ഒരു ഗംഭീര സ്വീകരണം നല്‍കി. നിലവിലുണ്ടായിരുന്ന എല്‍ പി സ്കൂള്‍ യു പി സ്കൂള്‍ ആക്കി ഉയര്‍ത്തുവാന്‍ ഈ സ്വീകരണം കൊണ്ട് സാധിച്ചു.

സ്ഥല പരിമിതി വീണ്ടും പ്രശ്നമായപ്പോള്‍ താഴ്വര വീതി കൂട്ടി ക്ലാസ് നടത്താന്‍ സൗകര്യപ്പെടുത്തി. പിന്നീട് പുറത്ത് ആവശ്യമായ ക്ലാസ് മുറികള്‍ സ്ഥാപിച്ചു.

സ്കൂളിന് സ്വന്തമായി കെട്ടിടം പണിയുവാന്‍ വേണ്ടി ഒന്നര ഏക്കര്‍ സ്ഥലം 1973 ല്‍ ഉമ്മര്‍കുട്ടി ഹാജിയും സഹോദരന്മാരും കൂടി സര്‍ക്കാറിന് രജിസ്റ്റര്‍ ചെയ്തു നല്‍കി.

അധികാരിയായി സേവനമനുഷ്ഠിച്ചിരുന്ന അദേഹം 1961 ലെ മഹാപ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്‍റെ പ്രത്യേക പ്രശംസക്ക് പാത്രമായി. ആര്‍ത്തലച്ചു വന്ന പ്രളയജലത്തെ കീറിമുറിച്ച് എടവണ്ണയില്‍ നിന്നും ഒതായിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി നടത്തിയ തോണി യാത്ര അതിസാഹസികമായിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ പിതാവ് മുഖേന ഇസ്ലാഹി പ്രവര്‍ത്തനവുമായി ബന്ധപ്പെടുവാന്‍ ഉമ്മര്‍കുട്ടി ഹാജിക്ക് അവസരമുണ്ടായിട്ടുണ്ട്.

1922ല്‍ ഐക്യസംഘം രൂപീകരിക്കുന്ന സമയം മുതല്‍ ഇതില്‍ അംഗമായിരുന്ന മുഹമ്മദാജി ഏറനാട്ടിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ ശക്തി സ്രോതസ്സായിരുന്നു.

പിതാവിന്‍റെ കൂടെ രണ്ടു പ്രാവശ്യം ഐക്യ സംഘത്തിന്‍റെ വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുക്കുവാന്‍ ഉമ്മര്‍കുട്ടി ഹാജിക്ക് അവസരം ലഭിച്ചു.

വ്യതിരിക്തമായ പ്രബോധന ശൈലി കൊണ്ട് ശ്രദ്ധേയനായ പഴയകാല മുജാഹിദ് പണ്ഡിതനാണ് വെട്ടം അബ്ദുല്ലഹാജി. 1947 ല്‍ മുഹമ്മദ് ഹാജി ഇദ്ദേഹത്തെ ഒതായിയില്‍ കൊണ്ടുവന്നു 15 ദിവസം വരെ നീണ്ടുനില്‍ക്കുന്ന പ്രസംഗ പരമ്പരകള്‍ അഞ്ചോ ആറോ കൊല്ലം തുടര്‍ച്ചയായി ഇവിടെ നടത്തിയിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച ചില വാദപ്രതിവാദങ്ങളുടെ അണിയറ ശില്പിയായി പ്രവര്‍ത്തിച്ചത് ഉമ്മര്‍കുട്ടി ഹാജിയായിരുന്നു. നെടിയിരുപ്പില്‍ വെച്ച് പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരും എ അലവി മൗലവിയും തമ്മില്‍ നടന്ന വാദപ്രതിവാദത്തിന് എടവണ്ണയില്‍ നിന്ന് അലവി മൗലവിയെ കൊണ്ടുപോയിരുന്നത് മുഹമ്മദ് ഹാജിയും ഉമ്മര്‍കുട്ടി ഹാജിയുമായിരുന്നു. 1965 ല്‍ വണ്ടൂരില്‍ വെച്ച് ചേകന്നൂര്‍ മൗലവിയുമായി നടന്ന വാദപ്രതിവാദത്തിന്‍റെ കമ്മിറ്റിയുടെ കണ്‍വീനര്‍ ഉമ്മര്‍ കുട്ടി ഹാജിയായിരുന്നു.

മുജാഹിദായതിന്‍റെ പേരില്‍ പള്ളിപ്പറമ്പില്‍ മറവുചെയ്യാന്‍ അനുവദിക്കാതെ തൃപ്പനച്ചിയില്‍ ഒരാളുടെ മയ്യിത്ത് ആറു ദിവസം വരെ വീട്ടുമുറ്റത്ത് വെക്കേണ്ടി വന്ന സംഭവം നടന്നത് 1953-ലാണ്. അവസാനം ഉമ്മര്‍കുട്ടി ഹാജി യുടെ നേതൃത്വത്തില്‍ ഒതായിയില്‍ നിന്ന് പോയ ആളുകളാണ് ഏഴാം ദിവസം കനത്ത പൊലീസ് കാവലില്‍ മയ്യിത്ത് പള്ളിപ്പറമ്പില്‍ മറവുചെയ്തത്.

ഇതിനായി രാവും പകലും അധികാരികളെയും ജനപ്രതിനിധികളെയും കാണുവാനായി ഹാജി ഓടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കോടതികളില്‍ നടന്ന സുദീര്‍ഘമായ നിയമ പോരാട്ടങ്ങള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി അദ്ദേഹം നിലകൊണ്ടു. കാരക്കുന്ന് പള്ളിയില്‍ ഖുതുബയുടെ ഭാഷയുമായി ബന്ധപ്പെട്ട കേസില്‍ മുജാഹിദ് പക്ഷത്തിന്‍റെ നേതൃത്വം ഹാജിക്കായിരുന്നു.

1961-ലാണ് എടവണ്ണ യത്തീംഖാന സ്ഥാപിതമായത്. ജെ ഡി ടി യുടെ കീഴില്‍ നടന്നിരുന്ന യത്തീംഖാനക്ക് എടവണ്ണയില്‍ രൂപീകരിച്ച ഉപദേശക സമിതിയില്‍ ഹാജി അംഗമായിരുന്നു. പിന്നീട് 1970 ല്‍ യത്തീംഖാനക്ക് സ്വന്തമായി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ഉമ്മര്‍കുട്ടി ഹാജി വൈസ് പ്രസിഡണ്ടായി. 1972 ല്‍ സെക്രട്ടറി മുഹമ്മദ് ഹാജി മരണപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറിയും കറസ്പോണ്ടന്‍റുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1993 ല്‍മരണം വരെ ഈ സ്ഥാനത്തു തുടര്‍ന്നു. ഈ കാലയളവില്‍ വമ്പിച്ച വളര്‍ച്ചയാണ് യതീംഖാനക്ക് ഉണ്ടായത്. അനാഥകളും അഗതികളുമായ ഒട്ടേറെ കുഞ്ഞുമക്കള്‍ക്ക് വിദ്യാഭ്യാസവും സംസ്കാരവും ലഭ്യമാക്കാന്‍ യത്തീംഖാനക്ക് സാധിച്ചു.

മികച്ച പണ്ഡിതന്മാരെ പരിശീലിപ്പിച്ചെടുക്കാനായി സ്ഥാപിച്ച എടവണ്ണ ജാമിഅ നദവിയ്യയുടെ സ്ഥാപനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇതിന്‍റെ ആലോചനയോഗം 1964 ല്‍ കോഴിക്കോട് പട്ടാളപ്പള്ളിക്ക് മുകളില്‍ ചേര്‍ന്നപ്പോള്‍ ഈ യോഗത്തില്‍ ഹാജിപങ്കെടുത്തു. സ്ഥാപക കമ്മിറ്റി അംഗമായും പിന്നീട് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

ഏറനാടിന്‍റെ വിദ്യാഭ്യാസ വളര്‍ച്ചക്കായി രൂപീകരിച്ച ഏറനാട് എഡ്യൂക്കേഷന്‍ ട്രസ്റ്റ് മെമ്പറായി പ്രവര്‍ത്തിച്ചു.

1969ല്‍ മമ്പാട് കോളേജ് ങഋട നെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഉമ്മര്‍കുട്ടി ഹാജി കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം മമ്പാട് കോളേജില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ക്ലാസ് റൂമുകള്‍, ഹോസ്റ്റല്‍, ലൈബ്രറി, ലബോറട്ടറി അടക്കമുള്ള ഭൗതിക സാഹചര്യങ്ങളില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമായി. ഒട്ടേറെ പുതിയ കോഴ്സുകള്‍ വന്നു. മലബാറിലെ ഉന്നത കോളേജുകളില്‍ ഒന്നായി മമ്പാട് കോളേജ് ഉയര്‍ന്നുവന്നതില്‍ ഹാജിയുടെ പങ്ക് ഒരു ചരിത്ര യാഥാര്‍ത്ഥ്യമാണ്.

അദ്ദേഹത്തിന്‍റെ സ്വഭാവദാര്‍ഢ്യവും വ്യക്തിജീവിതത്തിലും സംഘടനാ രംഗത്തും സാമ്പത്തിക വിനിമയത്തില്‍ അദ്ദേഹം പാലിച്ചിരുന്ന സൂക്ഷ്മതയും കാരണം സമൂഹത്തിന്‍റെ ഉന്നത ശ്രേണിയുള്ളവരുടെ പോലും ബഹുമാനം അദ്ദേഹം പിടിച്ചുപറ്റി.

പല സ്ഥാപനങ്ങളുടെയും ബാലാരിഷ്ടതകളുടെയും സാമ്പത്തിക ഞെരുക്കത്തിന്‍റെയും കാലങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം പിന്നീട് അവയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു അകല്‍ച്ച സൂക്ഷിക്കുവാന്‍ കാരണം വിദേശ ഫണ്ടുകളുടെ കുത്തൊഴുക്കില്‍ ഉണ്ടായ ധാരാളിത്തമായിരുന്നു എന്ന് എ പി അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരിക്കുകയുണ്ടായി.

സാധാരണക്കാര്‍ക്കായി മതപരമായ ലഘുകൃതികള്‍ എഴുതി പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു അദ്ദേഹം. അവസാന നാളുകളില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പ് ഏറേ ശ്രദ്ധിക്കപെട്ടു. ഏറെക്കുറെ വിസ്മൃതിയില്‍ ആണ്ടു പോയിരുന്ന 1921 ല്‍ ഒതായിയില്‍ ബ്രിട്ടീഷ് പട്ടാളവും നാട്ടുകാരും തമ്മില്‍ നടന്ന പോരാട്ടം പിന്നീട് അദ്ദേഹത്തിന്‍റെ കൃതിയിലടെ യാണ് ആളുകളുടെ സ്മൃതി മണ്ഡലത്തില്‍ തിരിച്ചുവന്നത്. നാടിന്‍റെ പല ഭാഗത്തുനിന്നും ഗവേഷകര്‍ പിന്നീട് ഈ കൃതി തേടിവന്നു.

അബ്ദുറഹ്മാന്‍ സാഹിബില്‍ നിന്നും തന്‍റെ പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയ സാമൂഹിക പ്രവര്‍ത്തനത്തിന്‍റെ പാഠങ്ങള്‍ പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്ന് അവയുടെ വിജയത്തില്‍ സായൂജ്യമടഞ്ഞ് അദ്ദേഹം 1993 ഡിസംബര്‍ നാലിന് ഈ ലോകത്തുനിന്നും യാത്രയായി.