കിഴക്കന്‍ ഏറനാടിന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത മഹത്വ്യക്തികളാല് സമ്പന്നമായ ഒരു കുടുംബമാണ് പുത്തന്‍വീട്ടില്‍ കുടുംബം. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലും, ദേശീയ പ്രസ്ഥാനത്തിനും സാമുദായിക നവോത്ഥാനത്തിനും ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിച്ച മഹത്വ്യക്തികളാല് സമ്പന്നമായ ഈ കുടുംബത്തിന്റെ വേരുകള്‍ കിടക്കുന്നത് പഴയ കുറുമ്പനാട് താലൂക്കിലെ കടത്തനാടിന്റെ മണ്ണിലാണെന്നാണ് മുന്‍കാല രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.
തലശ്ശേരിയില്‍ നിന്നും വടകരയില്‍ നിന്നുമെല്ലാം പതിനാറാം നൂറ്റാണ്ട് തൊട്ടേ കുടിയേറ്റത്തിലൂടെ ചാലിയാര്‍ തീരങ്ങളിലേക്ക് നാഗരികത പറിച്ചു നടപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് പോര്‍ച്ചുഗീസ് അധിനിവേശ കാലഘട്ടം തീരപ്രദേശങ്ങളിലെ ജനതയെ പുഴ മാര്‍ഗ്ഗം ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.
ചാലിയാര്‍ ഇതിന് സുഗമമായ മാര്‍ഗ്ഗമൊരുക്കി. പില്ക്കാലത്ത് മരവ്യാപാരത്തിനായും ധാരാളം പേര് ചാലിയാര്‍ മാര്‍ഗ്ഗം വന്നു ചേര്‍ന്നിട്ടുണ്ട്. അക്കാലത്ത് മരവ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമായി എടവണ്ണ വളര്‍ന്നു.
കോഴിക്കോട്ടു നിന്ന് ചരക്ക് ഗതാഗതവും നിലമ്പൂര്‍ വനാന്തരങ്ങളിലെ മരം തെരപ്പം വഴി കല്ലായിലേക്ക് കൊണ്ടുപോകലും ചാലിയാര്‍ വഴിയായിരുന്നു. ഇതിന്റെ ഒരു പ്രധാന കേന്ദ്രമായി എടവണ്ണ വികസിച്ചു.
ഇക്കാലങ്ങളില്‍ ഇതര നാടുകളില്‍ നിന്ന് എടവണ്ണയില്‍ വന്നെത്തിയ മരവ്യാപാരികളില് പലരും എടവണ്ണയില്‍ സ്ഥിരതാമസമാക്കി. വിവാഹ ബന്ധങ്ങളുണ്ടായി.
ഇങ്ങനെ കടത്തനാടന്‍ പ്രദേശത്തു നിന്ന് വ്യാപാര ആവശ്യാര്‍ത്ഥം എടവണ്ണയില്‍ വന്ന പൂര്‍വ്വ പിതാമഹന് കോയമാമുട്ടി എന്നവരുടെ പിന്മുറക്കാരാണ് പുത്തന്‍ വീട്ടുകാര്‍ എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
ഇദ്ദേഹത്തിന്റെ മകന് ഉസ്സന്‍ക്കുട്ടി എടവണ്ണയിലെ മറ്റൊരു പ്രമുഖ കുടുംബാംഗമായ വലിയ പീടിയക്കല്‍ ആമിനക്കുട്ടിയെ വിവാഹം ചെയ്തു. ഈ ദമ്പതികളില്‍ നിന്നാണ് ഇന്നത്തെ പുത്തന്‍വീട്ടില്‍ കുടുംബത്തിന്റെ ഈ പ്രദേശത്തെ വംശാവലി തുടങ്ങുന്നതെന്ന് പറയാം. 1860 ല്‍ ഉസ്സന്ക്കുട്ടിയും 1872 ല്‍ ആമിനക്കുട്ടിയും മരണമടഞ്ഞു. ഉസ്സന്‍ ക്കുട്ടി – ആമിനക്കുട്ടി ദമ്പതികള്‍ക്ക് അഞ്ച് ആണ് മക്കളും എട്ടു പെണ് മക്കളുമാണ് ഉണ്ടായിരുന്നത്. അഞ്ചു ആണ് മക്കളില്‍ വലിയ ഉമ്മറു, കോയമാമു, അഹമ്മദ്ക്കുട്ടി മൂപ്പന്, പോക്കര് എന്നിവര്‍ ഇന്നത്തെ എടവണ്ണ മേത്തലങ്ങാടിയിലും ചെറിയ ഉമ്മര്‍ ഹാജി ഒതായിയിലുമാണ് താമസമാക്കിയിരുന്നത്.
അങ്ങനെ ഈ കുടുംബം എടവണ്ണയിലും ഒതായിയിലും പാണ്ടിക്കാടുമായി കിഴക്കന്‍ ഏറനാട്ടില്‍ വ്യാപിച്ചു. പെണ്മക്കള് മറിയം ഹജ്ജുമ്മ, ആസ്യ എന്നവരെ കോട്ടമ്മല്‍ തണ്ടുപാറക്കല്‍ കുടുംബത്തിലേക്കും കദിയ്യമുണ്ണി, ആയിഷകുട്ടി എന്നിവരെ വലിയ പീടിയേക്കല്‍ കുടുംബത്തിലേക്കും ആമിനകുട്ടിയെ കല്ലുവെട്ടി കുടുംബത്തിലേക്കും മറിയുമ്മയെ നെടിയിരുപ്പിലെ ചോല മമ്മദ് അധികാരിയും ഇമ്പിച്ചിപാത്തുവിനെ വാഴക്കാട്ടെ ചിറ്റന്നൂര്‍ കുടുംബത്തിലേക്കും വിവാഹം ചെയ്ത് അയച്ചു.
പിതാമഹന്മാരില് നിന്ന് പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തും ദേശീയ പ്രസ്ഥാനത്തിലൂടെയും മുസ്ലിം നവോത്ഥാനത്തിലൂടെയും കൈവന്ന പ്രബുദ്ധതയും വിദ്യാഭ്യാസം ചെയ്യാന്‍ കിട്ടിയ അവസരങ്ങളും ചേര്‍ന്ന് പുത്തന്‍വീട് കുടുംബത്തിന് പണ്ടുതൊട്ടേ പ്രബലത കൈവന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് പ്രാദേശിക അധികാരം പ്രമുഖ കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നു. അക്കാലത്ത് എടവണ്ണയിലെ അധികാരം വലിയ പീടിയക്കല്‍ കുടുംബത്തിനും പെരകമണ്ണയിലെ അധികാരം പുത്തന്വീട്ടുകാര്ക്കും ലഭിച്ചു. കുടുംബത്തിന് ലഭിച്ച അധികാരവും സമ്പത്തും നാടിന്റെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചക്കു വേണ്ടി വിനിയോഗിക്കാനാണ് പൂര്‍വ്വീകര്‍ ശ്രമിച്ചത്.