Skip to content Skip to main navigation Skip to footer

പി.വി. അലവി കുട്ടി സാഹിബ് പന്നിപ്പാറ

admin

നാട്ടു കോടതി ന്യായാധിപന്‍, നാട്ടുകാരണവര്‍, രാഷ്ട്രീയ നേതാവ്, എടവണ്ണ പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡണ്ട്, സുന്നി മുത്തവല്ലി, മഹല്ല് പ്രസിഡണ്ട്… ഒരു കാലത്ത് എടവണ്ണയിലെ അധികാര രാഷ്ട്രീയത്തിന്‍റെ പ്രാദേശിക തലവനായിരുന്നു പൂന്തലയില്‍ അലവിക്കുട്ടി സാഹിബ് എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന പുത്തന്‍വീട്ടില്‍ അലവിക്കുട്ടി സാഹിബ്. തുവ്വക്കാട് പി.വി. അഹമ്മദ് കുട്ടി ഹാജിയുടെയും വടക്കേ തൊടിക പാത്തുമ്മ കുട്ടിയുടെയും മകനായി 1915 ല്‍ അലവിക്കുട്ടി സാഹിബ് ജനിച്ചു. അക്കാലത്ത് എടവണ്ണയിലെ അറിയപ്പെടുന്ന കുടുംബങ്ങളില്‍ ഒന്നായിരുന്നു അലവിക്കുട്ടി സാഹിബിന്‍റേത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബവുമായിരുന്നു. എടവണ്ണ – മഞ്ചേരി ഗവ.സ്കൂളുകളില്‍ നിന്നുള്ള പ0നത്തിനു ശേഷം പിതാവിന്‍റെ മേല്‍നോട്ടത്തില്‍ കൃഷിയിലും കച്ചവടത്തിലും വ്യാപൃതനായി.

എടവണ്ണയിലെ പുത്തന്‍വീട്ടില്‍ കുടുംബം പൊതുവെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്നപ്പോള്‍ അലവിക്കുട്ടി സാഹിബ് മുസ്ലിം ലീഗ് രാഷ്ട്രീയത്തിലായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. എങ്കിലും അക്കാലത്ത് ലീഗ് സംഘടനാ രംഗത്തെക്കാള്‍ കൂടുതല്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത് സുന്നി പ്രസ്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു. പന്നിപ്പാറയിലെ ഭൗതിക വിദ്യഭ്യാസ പുരോഗതിയില്‍ അടിത്തറ പാകിയതും അലവിക്കുട്ടി സാഹിബായിരുന്നു. വിവാഹ ബന്ധത്തിലുടെ വണ്ടൂരിലെ പ്രശസ്തമായ കോട്ടമ്മല്‍ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയ അലവിക്കുട്ടി സാഹിബ്, ആ ബന്ധം പന്നിപ്പാറയുടെ വിദ്യാഭ്യാസ പുരോഗതിക്കായി തന്ത്രപൂര്‍വ്വം വിനിയോഗിച്ചു.

1924 മുതല്‍ വണ്ടൂരില്‍ കോട്ടമ്മല്‍ കുടുംബം നടത്തിയിരുന്ന എല്‍. പി. സ്കൂള്‍ അദ്ദേഹം 1934ല്‍ ഏറ്റെടുക്കുകയും തന്‍റെ നാടായ തുവ്വക്കാട്ടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ സ്കൂളിനെതിരെയുള്ള യാഥാസ്തിക എതിര്‍പ്പ് ശക്തമാകുകയും അവിടെ പ്രവര്‍ത്തിക്കാന്‍ പ്രയാസം നേരിടുകയും ചെയ്തു. തുടര്‍ന്ന് അലവിക്കുട്ടി സാഹിബ് താന്‍ താമസിക്കുന്ന പന്നിപ്പാറ അങ്ങാടിയിലെ വീട്ടുമുറ്റത്ത് ഒരു ഷെഡ് കെട്ടി സ്കൂള്‍ അങ്ങോട്ടേക്ക് മാറ്റി സ്ഥാപിച്ച് യാഥാസ്തിക വെല്ലുവിളിയെ തന്ത്രപൂര്‍വ്വം പരാജയപ്പെടുത്തിയ യാഥാസ്തിക നേതാവുകൂടിയായിരുന്നു. ഈ വിദ്യാലയമാണ് ഇന്നത്തെ പന്നിപ്പാറ ഗവ.ഹൈസ്കൂള്‍.

1940 ആയപ്പോഴേക്കും എടവണ്ണയിലും പരിസര പ്രദേശങ്ങളിലും മുസ്ലിം പരിഷ്കരണ പ്രസ്ഥാനം ശക്തമാകുകയും അതിന് താങ്ങും തണലുമായി ബന്ധുവായ പി.വി. മുഹമദ് ഹാജി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ സുന്നി വിഭാഗ പ്രവത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ആഘോഷ പൂര്‍വ്വം പെരകമണ്ണ നേര്‍ച്ചക്ക് നേതൃത്വം നല്‍കിയതും അലവിക്കുട്ടി സാഹിബായിരുന്നു.

1963 അലവിക്കുട്ടി സാഹിബിന്‍റെ പൊതു ജീവിതത്തില്‍ ഭാഗ്യത്തിന്‍റെ വര്‍ഷം കൂടിയാണ്. ലീഗ് രാഷ്ട്രീയത്തില്‍ അക്കാലത്തെ എടവണ്ണയിലെ രണ്ടു പ്രധാന നേതാക്കളായിരുന്ന സീതി ഹാജിയും പെരൂല്‍ അഹമ്മദ് സാഹിബും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇലക്ഷനില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് സഖ്യമായി മത്സരിച്ച ലീഗിനും മൂന്ന് സീറ്റുകള്‍ വീതം കിട്ടി. ഏക സി.പി.ഐ സ്വതന്ത്ര അംഗമായ മൊടവന്‍ മുഹമ്മദ് സാഹിബിന്‍റെ പിന്തുണയോടെ ലീഗ് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയും അലവിക്കുട്ടി സാഹിബ് നീണ്ട 16 വര്‍ഷം എടവണ്ണ പഞ്ചായത്ത് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇക്കാലത്ത് കഠിന ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളുടെയെല്ലം കോടതിയായി പന്നി പ്പാറയിലുള്ള അദ്ദേഹത്തിന്‍റേ വീട് പ്രവര്‍ത്തിച്ചിരുന്നതായും തീരുമാനം ന്യായയുക്തവുമായിരുന്നെന്ന് മുതിര്‍ന്നവരില്‍ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്.

ആ പൊതു പ്രവര്‍ത്തകന്‍ തന്‍റെ 65 മത്തെ വയസ്സില്‍ (7/5/1980) ഈ ലോകത്തോട് യാത്രപറഞ്ഞു. നാഥന്‍ കാരുണ്യം ചൊരിയട്ടെ.

ഭാര്യ – മമ്മീര്യകുട്ടി, കോട്ടമ്മല്‍, വണ്ടൂര്‍.
മക്കള്‍ – നാലു പേര്‍.