ഏറനാട്ടില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് അടിത്തറ പാകിയ പ്രധാനികളില്‍ ഒരാള്‍, എടവണ്ണയുടെ വികസന കുതിപ്പിന് തുടക്കം കുറിക്കാന്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചു.
അവിഭക്ത കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്നും എ.ഐ.സി.സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മെമ്പര്‍, മികച്ച സഹകാരി, പഞ്ചായത്ത് പ്രസിഡണ്ട്, മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, അഖിലേന്ത്യാ ശരിഅത്ത് ബോര്‍ഡ് അധ്യക്ഷന്‍, അറിയപ്പെടുന്ന മരാമത്ത് കോണ്ട്രാക്ടര്… ഷൗക്കത്തലി സാഹിബ് നടന്നു നീങ്ങിയ വഴിത്താരകള്‍ നിരവധിയാണ്.
ഏറനാട്ടിലെ അറിയപ്പെടുന്ന ധനാഢ്യനും അംശം അധികാരിയും, കോണ്‍ഗ്രസ് – ഖിലാഫത്ത് -മുസ്ലിം പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും നേതാവുമായിരുന്ന ഒതായി പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹാജിയുടെയും ആനക്കയം കൂരിമണ്ണില്‍ വലിയമണ്ണില്‍ വീട്ടില്‍ ആമിക്കുട്ടിയുടെയും മകനായി 1921ല്‍ ജനനം.
ഒതായിയിലെ ഗവ. എല്‍.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 6വേഫോറം പഠനത്തിനായി മഞ്ചേരി ഗവ: ഹൈസ്കൂളില്‍ ചേര്‍ന്നു. മഞ്ചേരിയിലെ സന്ദര്‍ശനക്കാലം, ഏറനാട്ടിലെ ദേശീയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ രണ്ടു ഊര്‍ജ്ജസ്വലരും ചെറുപ്പക്കാരുമായ പ്രവര്‍ത്തകരെ കുറിച്ച് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. അതില്‍ ഒന്ന് പി.വി. ഷൗക്കത്തലി സാഹിബും മറ്റൊരാള്‍ പി.വി. ഉമ്മര്‍ കുട്ടി ഹാജിയുമാണ്. എസ്.എസ്.എല്‍.സിക്കു ശേഷം ഷൗക്കത്തലി സാഹിബ് ഇന്റര്‍മീഡിയറ്റ് പഠനത്തിനായി തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ചേര്‍ന്നു.
സ്കൂള്‍ പഠനകാലത്തു തന്നെ പിതാവിന്റെ കൂടെ കോഴിക്കോട് അല്‍ അമീന് ലോഡ്ജിലെ നിത്യസന്ദര്‍ശകനായിരുന്ന ഷൗക്കത്തലി സാഹിബ് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിന്റെ പ്രിയപ്പെട്ട അനുയായിയായി മാറി. നല്പ്പതുകളില് സ്വാതന്ത്ര്യസമരം രൂക്ഷമായികൊണ്ടിരിക്കെ പ്രക്ഷോഭങ്ങളില്‍ ഷൗക്കത്തലി സാഹിബും സജീവമായി പങ്കെടുക്കുകയും ഡിഗ്രി പഠനം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.
1947 ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യ ദിനത്തില്‍ ഒതായി – എടവണ്ണ പ്രദേശങ്ങളില്‍ നേരം പുലരുവോളം നടന്ന വിളമ്പര ജാഥയില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. ഏറനാട്ടിലെ കോണ്‍ഗ്രസ് യുവജന രാഷ്ട്രീയത്തിലെ പ്രധാന നേതാവായി ഉയര്‍ന്ന ഷൗക്കത്തലി സാഹിബ് സ്വന്തമായി ചില ബിസിനസില്‍ ഏര്‍പ്പെടുകയും കച്ചവടത്തില്‍ പിതാവിനെ സഹായിക്കുകയും ചെയ്ത് മുന്നോട്ട് പോകുന്ന സന്ദര്‍ഭത്തിലാണ് ബോംബെയില്‍ ടാറ്റാ എയര്‍ലൈന്‍ നടത്തിയ ഇന്റര്‍വ്യുവില്‍ പങ്കെടുത്തത്.
കേരളത്തില്‍ നിന്നും ടാറ്റാ എയര്‍ലൈന്‍ അക്കാലത്ത് നിയമനം നല്കിയ രണ്ടു മലയാളികളില്‍ ഒരാള്‍ ഷൗക്കത്തലി സാഹിബായിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ ടാറ്റാ എയര്‍ലൈനില്‍ കൊമേഴ്സ് മാനേജരായി ജോലി നോക്കിയ ശേഷം പിതാവിന്റെ നിര്‍ബന്ധത്താലും കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തന താല്പര്യത്താലും ജോലി രാജിവെച്ച് നാട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതോടൊപ്പം കോണ്‍ട്രാക്ട് വര്‍ക്ക് വന്‍തോതില്‍ ഏറ്റെടുക്കുകയും ചെയ്തു. ഇടിഞ്ഞു പൊളിഞ്ഞ് കുഴികളായി മാറി നടക്കാന്‍ പോലും പ്രയാസം നേരിട്ടിരുന്ന പത്തനാപുരം – ഒതായി – മുണ്ടേങ്ങര ടിപ്പു സുല്‍ത്താന്‍ റോഡിലെ അപകടകാരികളായ വന്മരങ്ങള് മുറിച്ചുമാറ്റി യാത്രാ സൗകര്യമാക്കി. 1955-57 ല്‍ ആദ്യമായി ഈ റോഡില്‍ വേരുപാലത്തില് തോടിനു കുറുകെ കോണ്‍ക്രീറ്റ് പാലം പണിതതും ഇക്കാലത്താണ്. പിന്നീട് എടവണ്ണയിലും പരിസര പ്രദേശങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒരു തേരോട്ടം തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നത്.
പാണ്ടിയാട് – പന്തപ്പള്ളി റോഡ്, ചളിപ്പാടം ചെമ്പക്കുത്ത് റോഡ്, കുണ്ടുതോട് – ചളിപ്പാടം റോഡ്, കല്ലിടുമ്പ് റോഡ്, പാലപ്പറ്റ- ആര്യന്തൊടിക റോഡ്, ഒതായി – ചാത്തല്ലൂര്‍ റോഡ്. കിഴക്കെ ചാത്തല്ലൂര്‍ പഴയ തടയണ, തുവ്വക്കാട് പന്നിപ്പാറ റോഡ്, പുള്ളിയില്‍ തോട് പഴയപാലം, വേരുപാലം – കൂരിത്ത് റോഡ്, ശാന്തിപ്പുറം റോഡ്… നീണ്ടുപോകുന്നതാണ് ആ പട്ടിക. അരീക്കോട് -എടവണ്ണ ബോട്ടുയാത്രയുണ്ടായിരുന്ന അറുപതുകളില്‍ അദ്ദേഹം മുണ്ടേങ്ങരയില്‍ പണിത സംരക്ഷണ ഭിത്തി ഇന്നും ഒരു പോറല്‍ പോലും ഏല്ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത് നിര്‍മ്മാണത്തിലെ കാര്യക്ഷമത തന്നെയാണ്. രാഷ്ട്രീയ വടംവലിയില്‍ നിര്‍മ്മാണ ഫണ്ട് ലഭ്യമായില്ല എന്നതും വിസ്മരിക്കാവു ന്നതതല്ല. എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ എല്‍.പി സ്കൂളായി ഒതായി എല്‍.പി സ്കൂളിനെ 1957 ല്‍ ഉയര്‍ത്തുന്നതിലും ഷൗക്കത്തലി സാഹിബിന്റെ രാഷ്ട്രീയ സ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
എടവണ്ണ ചെമ്പക്കുത്ത് ആശുപത്രി സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്റെ രാഷ്ടീയ സ്വാധീനം തന്നെ മുഖ്യം. ആശുപത്രിക്കായി മുമ്പു കണ്ടെത്തിയ രണ്ടു സ്ഥലങ്ങളും പ്രാദേശിക – രാഷ്ട്രീയ പരാതിയുടെ പേരില്‍ ഒഴിവാക്കപ്പെടേണ്ടി വരികയും, ചെമ്പക്കുത്ത് കെട്ടിടത്തിനായി കുറ്റിയടിക്കാന്‍ ചെന്നപ്പോള്‍ ഒരു വിഭാഗം ആദ്യം കൂവി വിടുകയും ചെയ്തിട്ടുപോലും അവിടെ തന്നെ ആശുപത്രി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ ആവശ്യമായ ഭാരിച്ച തുകയും മുണ്ടേങ്ങര മാലങ്ങാടന് കുടുംബ ബന്ധവും ഷൗക്കത്തലി സാഹിബ് ഉപയോഗിച്ചതായും, വീണ്ടും തറക്കല്ലിടല്‍ പ്രാദേശിക ഉത്സവമായി നടത്തിയതായും അതില്‍ പങ്കെടുത്ത ചിലര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.
എടവണ്ണ മൃഗാശുപത്രി, ഇപ്പോള്‍ ഒതായില്‍ പ്രവര്‍ത്തിക്കുന്ന എടവണ്ണ ആയുര്‍വേദിക് ആശുപത്രി, എടവണ്ണ സഹകരണ ബാങ്ക് എന്നിവയും ഷൗക്കത്തലി സാഹിബിന്റെ കര്‍മ്മ ഫലം തന്നെ.
എടവണ്ണയെക്കാള് ജനസഖ്യയും വളര്ച്ചയുമുള്ള നിലമ്പൂരില്‍ ടെലിഫോണ്‍ എക്സേഞ്ച് വരുന്നതിനു മുമ്പ് എടവണ്ണയില്‍ സ്ഥാപിക്കാനുള്ള പ്രധാന കാരണക്കാരനും ഷൗക്കത്തലി സാഹിബു തന്നെ. എ.ഐ.സി.സി മെമ്പറായിരുന്ന കോഴിക്കോട് എ.വി. കുട്ടിമാളുഅമ്മ കേന്ദ്ര ടെലികോം അഡ്വൈസറി ബോര്‍ഡില്‍ അംഗമായിരിക്കെ, അവരുടെ സ്വാധീനം പ്രയോജനപ്പെടുത്തി കൊണ്ടാണ് എടവണ്ണയില്‍ ടെലിഫോണ്‍ എക്സേഞ്ച് കൊണ്ടുവന്നത്.
സബ്ബ് പോസ്റ്റാഫീസ് ഉളളിടത്ത് മാത്രമേ അറുപതുകളില്‍ കേന്ദ്രം ടെലിഫോണ്‍ എക്സേഞ്ച് അനുവദിക്കാറുള്ളു. എടവണ്ണ അലവി മാസ്റ്ററുടെ വീട്ടുവരാന്തയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇ.ഡി. പോസ്റ്റാഫീസ് മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നൊള്ളൂ. ഇതിനു പരിഹാരം കണ്ടതും ഷൗക്കത്തലി സാഹിബായിരുന്നു. അദ്ദേഹം അക്കാലത്ത് സേവാദളിലെ ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ക്ക് കാര്‍ഡും കവറും ഇന്‍ലന്റും ബള്‍ക്കായി വാങ്ങി കൊടുത്ത് പരസ്പരം കത്തെഴുതിച്ചും രജിസ്റ്റര്‍ കത്തുകള്‍ എഴുതിപ്പിച്ചും 6 മാസം കൊണ്ട് പോസ്റ്റാഫീസിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിച്ച്, സബ് പോസ്റ്റാഫീസിന്റെ ഉത്തരവ് ഇറക്കിപ്പിച്ചാണ് ടെലിഫോണ്‍ എക്സേഞ്ച് കൊണ്ടുവന്നത്.
നിലമ്പൂരില്‍ ഔദ്യോഗിക ആവശ്യത്തിനു വന്ന പ്രധാനമന്ത്രി നെഹ്റുവിന് എടവണ്ണയില്‍ സ്വീകരണം നല്കാന് കാരണമായമായതും അദ്ദേഹം തന്നെ. വിദ്യഭ്യാസം നേടി മുന്നോട്ടു പോകുന്നവരോട് ഒരു പ്രത്യേക താല്പര്യം തന്നെ ഷൗക്കത്തലി സാഹിബിനുണ്ടായിരുന്നു. ഒതായി -എടവണ്ണ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ബന്ധബുദ്ധിയാല്‍ പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വ്വീസില്‍ കേറിയവര്‍ ഒട്ടനവധിയാണ്. വഅളും, ഖുത്തുബയും നടത്തി കാലം നീക്കിയിരുന്ന അന്തരിച്ച, കെ.എന്‍.എം ജനറല്‍ സെക്രട്ടറിയായിരുന്ന എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി സര്‍ക്കാര്‍ സര്‍വ്വീസില്‍ കേറാന്‍ തന്നെ കാരണം ഷൗക്കത്തലി സാഹിബാണെന്ന് എ.പി യുടെ ഓര്‍മ്മക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ലീഗ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തി കേന്ദ്രമായിരുന്ന എടവണ്ണയില്‍ അതിനു ചുക്കാന്‍ പിടിച്ചിരുന്നത് ഷൗക്കത്തലി സാഹിബായിരുന്നു.
1962 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് ഇസ്മായില്‍ സാഹിബിനെതിരെ മഞ്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷൗക്കത്തലി സാഹിബിന് അന്ന് കേവലം 40 വയസു മാത്രമാണ്. കേരള രാഷ്ട്രീയത്തില്‍ ചീഫ് വിപ്പ് വരെയായി ഉയര്‍ന്ന പി. സീതി ഹാജിയുടെ ഏക തെരഞ്ഞെടുപ്പ് പരാജയവും നാട്ടുകാരനായ ഷൗക്കത്തലി സാഹിബിനോടായിരുന്നു. 1963 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സീതി ഹാജിയുടെ പരാജയം.
1979 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെ ടുപ്പില്‍ ലീഗ് വിരുദ്ധമുന്നണിക്ക് എടവണ്ണയില്‍ ഷൗക്കത്തലി സാഹിബ് രൂപം നല്‍കുകയും ലീഗിന് പഞ്ചായത്ത് ഭരണം ലഭ്യമാകുന്നത് തടയുകയും ചെയ്തു.
1988 ല്‍ യു.ഡി.എഫ് മുന്നണിയില്‍ മത്സരിക്കുകയും 1991ല്‍ ലീഗിന്റെ പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡണ്ടാകുകയും ചെയ്തു അദ്ദേഹം. കോണ്‍ഗ്രസിന്റെ 4 അംഗങ്ങള്‍ പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ബഹിഷ്ക്കരിച്ച ആ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ മൗന പിന്തുണ കൂടി അദ്ദേഹത്തിന് ലഭിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പലപ്പോഴും ഒഴുക്കിനെതിരെ നീന്തിയ ഷൗക്കത്തലി സാഹിബ് 1969ലെ പാര്‍ട്ടി പിളര്‍പ്പില്‍ ഇന്ദിര വിരുദ്ധ പക്ഷത്തായി രുന്നു. സംഘടനാ കോണ്‍ഗ്രസ് ജനതാ പാര്‍ട്ടിയില്‍ ലയിക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1980 ല്‍ കോണ്‍. വീണ്ടും പിളര്‍ന്നപ്പോള്‍ അദ്ദേഹം ആന്റണി പക്ഷത്ത് ചേരുകയും പി.സി ചാക്കോയുടെ കൂടെ നില്‍ക്കുകയും കോണ്‍. (എസ്)ന്റെ സംസ്ഥാന ട്രഷറായി പ്രവര്‍ത്തിക്കുകയും ചെയ്തു.
പിന്നീട് ശരദ്പവ്വാറും സംഘവും കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഷൗക്കത്തലി സാഹിബ് കോണ്‍ഗ്രസിലെത്തി. ഷബാനു കേസില്‍ സുപ്രീം കോടതി വിധിയെ അംഗീകരിച്ചുകൊണ്ട് അഖിലേന്ത്യാ ശരിഅത്ത് ബോര്‍ഡ് സ്ഥാപിക്കുകയും വിധിക്കനുകൂലമായി പ്രചാരണം നടത്തുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം ഒതായി മഹല്ല് പ്രസിഡണ്ടായും കുറച്ചു കാലം പ്രവത്തിച്ചു. തന്റെ പിതാവും ജ്യേഷ്ഠനും അനുജനും പാരമ്പര്യമായി അംശം അധികാരിയായപ്പോള്‍ തനിക്കു കിട്ടുമായിരുന്ന അംശം അധികാരിയുടെ ജോലി ഷൗക്കത്തലി സാഹിബ് വേണ്ടെന്നു വെക്കുകയാണുണ്ടായത്.
അന്‍പത് വര്‍ഷത്തിലേറെക്കാലത്തെ കോ ണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പൊതുപ്രവര്‍ത്തന പരിചയമുള്ള ഷൗക്കത്തലി സാഹിബിന്റെ അവസാന കാലം ചിലപ്രയാസകരമായ സാഹചര്യത്തിലൂടെ യാണ് കടന്നു പോയത്.
1995 ല്‍ നാട്ടില്‍ നടന്ന ഒരു കൊലപാതക കേസില്‍ പ്രതിയായ സാഹചര്യവും തന്റെ നിരപരാധിത്വവും അദ്ദേഹം സൗഹാര്ദ്ദമുള്ളവരോടെല്ലാം മരണം വരെ പറയുമായിരുന്നു. വര്‍ദ്ധക്യ സഹജമായ നിരവധി പ്രയാസങ്ങള്‍ അലട്ടിയിരുന്ന ആ കര്‍മ്മയോഗി തന്റെ ഏഴുപത്തിയഞ്ചാമത്തെ വയസില്‍ 1996 ജൂലൈ 4 ന് ഈ ലോകത്തോട് യാത്ര പറഞ്ഞു.
അദ്ദേഹത്തിന് അല്ലാഹു സ്വര്‍ഗീയ ജീവിതം നല്കി അനുഗ്രഹിക്കട്ടെ.
ഭാര്യ – കൊളക്കാടന്‍ മറിയുമ്മ ചെറുവാടി.
മക്കള്‍ – നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി അജ്മല്‍.പി.വി, ഗ്ലോബല്‍ (പ്രവാസി ഒതായി – ചാത്തല്ലൂര്‍) രക്ഷാധികാരി പി.വി അഷ്റഫ്, ലാറ്റക്സ് ഏജന്റ് മുഹമ്മദ് റാഫിയടക്കം പന്ത്രണ്ടു പേര്.