Skip to content Skip to main navigation Skip to footer

Regional History

പുത്തൻ വീട്ടിൽ കുടുംബം
ചരിത്രം പിറന്ന വഴികളിലൂടെ...

പുത്തൻ വീട്ടിൽ കുടുംബം ചരിത്രം പിറന്ന വഴികളിലൂടെ…

പി. വി. അനിൽ പ്രിംറോസ്

വർത്തമാനം ഏതൊരു ജനതയുടെയും ഭൂതകാലത്തിന്റെ തുടർച്ചയാണ്; ഭാവിയിലേക്കുള്ള ചൂണ്ടുപലകയും. ഇന്നിന്റെ തിരുശേഷിപ്പുകളധികവും ഇന്നലെയുടെ ഉത്ഥാനപതനങ്ങളുടെ സൃഷ്ടിയാണ്. ചരിത്രത്തെ അവഗണിക്കുന്നവന് ഭാവിയുടെ പ്രതിസന്ധികളെ മറികടക്കുക സാധ്യമല്ല തന്നെ.

ചരിത്രം തുടങ്ങുന്നത് ദേശങ്ങളിൽ നിന്നാണ്. മനുഷ്യന്റെ ഭൂതവും സംസ്കൃതിയും പരസ്പരകൊള്ളക്കൊടുക്കലിലൂടെ വളർന്നു വന്നിട്ടുള്ളവയാണ്. മറ്റു പ്രദേശങ്ങളിലെ ആളുകളുമായുള്ള സംസ്കാരത്തിന്റെ ആദാന പ്രദാനങ്ങളിലൂടെയല്ലാതെ ഒരു പ്രാദേശിക ചരിത്രവും വായിച്ചെടുക്കുക സാധ്യമല്ല.

പുത്തൻവീട്ടിൽ കുടുംബത്തിന്റെ ചരിത്രം തേടിയുള്ള യാത്രയും ചെന്നെത്തുന്നത് വ്യക്തികളിലേക്കും ദേശങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും തന്നെയാണ്. വിറച്ചു തുടങ്ങിയ വായ്ത്താരികൾക്കും ദ്രവിച്ചു തീരാത്ത ലിഖിതങ്ങൾക്കും മാത്രമാണ് വിവരങ്ങളോട് കടപ്പാട്.

ചരിത്രത്തിലേക്ക് എടവണ്ണ
പതിനൊന്നാം നൂറ്റാണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ധ്രുവീകരണത്തിന്റെ കാലഘട്ടമായിരുന്നു. അക്കാലംവരെ കേരളത്തിനെ അഖണ്ഡമായി നിലനിർത്താൻ സഹായിച്ചിരുന്ന ചേരസാമ്രാജ്യം തകർന്നു. കൃത്യമായ മേൽനോട്ടക്കാരില്ലാത്ത അവസ്ഥയിൽ ആൾബലവും കായബലവും ഉള്ളവരുടെ സംഘങ്ങൾ പുതിയ നാട്ടുരാജ്യങ്ങൾക്ക് രൂപം നൽകി. കുറുമ്പ്രനാടും പുറകീഴാനാടും വേണാടും തുടങ്ങി 13 നാടുകളായി വേർതിരിഞ്ഞ കേരളത്തിലെ പ്രബല പ്രദേശമായിരുന്നു ഏറാളനാട് എന്ന ഏറനാട്. ‘ ഏറാൾപാട് ‘ എന്ന സ്ഥാനപ്പേരുള്ള രാജാവിന്റെ കീഴിലാണ് എടവണ്ണയുൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നാണ് എടവണ്ണയെ കുറിച്ച് കണ്ടുകിട്ടിയ ഏറ്റവും പഴക്കം ചെന്ന ചരിത്രരചനകൾ സൂചിപ്പിക്കുന്നത്. എന്നും പാർശ്വവൽക്കരിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട ചരിത്രത്തിന്റെ വക്താക്കൾ- ആദിവാസികൾ അസംഘടിതരായി അതിനും മുമ്പേ എടവണ്ണയുടെ വെട്ടിതെളിക്കാത്ത കാടുകളിലും ചെത്തിത്തേക്കാത്ത കുടിലുകളിലും നിശബ്ദമായി ചരിത്രം തുന്നിച്ചേർത്ത് ജീവിതം കരുപ്പിടിപ്പിച്ചിട്ടുണ്ടാവാം.

ആര്യന്മാരുടെ ആഗമനത്തോടെ ഭൂമിയുടെ യഥാർഥ അവകാശികളായ ഈ ആദിമ ദ്രാവിഡ ഗോത്രങ്ങൾ പതുക്കെപ്പതുക്കെ മലമുകളിലേക്ക് ഉൾവലിയുകയും മലമുത്തൻമാരായിത്തീരുകയുമാണുണ്ടായിട്ടുണ്ടാവുക. മലമുത്തന്മാർക്കിടയിലുള്ള കഥകളിൽ നിന്നും നാടോടി ഗാനങ്ങളിൽ നിന്നും കൂട്ടിച്ചേർത്തു വായിക്കാൻ കഴിയുന്ന ചരിത്രവും അതുതന്നെയാണ്.

ഏറനാട് ഉൾക്കൊള്ളുന്ന വിശാലമായ പുല്ലങ്കോട് രാജ്യത്തിന്റെ സർവ്വാധികാരം അന്ന് മുത്തന്മാർക്കായിരുന്നുവത്രെ. ഓർക്കാപ്പുറത്ത് കൊങ്ങംപടയെ കൂട്ടുപിടിച്ച് അക്കാലത്തെ അധീശവർഗം മുത്തന്മാരെ ആക്രമിക്കുകയും അവരുടെ നേതാക്കളായ രാമൻകണ്ണനെയും രാമൻകുർമനെയും ചതിച്ചു കൊലപ്പെടുത്തുകയും സർവ്വനാശം വിതയ്ക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ച ഈ അക്രമിവർഗത്തിന് ഇരയായിക്കൂടാ എന്ന ദൃഢനിശ്ചയമാണ് മലമുകളിലേക്ക് പിന്തിരിയാൻ മുത്തൻമാരെ പ്രേരിപ്പിച്ചതത്രെ. പ്രൗഢമായ ഈ ഭൂതകാല സ്മരണകളാവാം അന്യജന വിഭാഗത്തിന് മുഴുവൻ അയിത്തം കൽപ്പിച്ച് അവരുടെ സ്പർശനമേറ്റ സ്ഥലം പോലും ശുദ്ധി കർമത്തിന് വിധേയമാക്കി ജീവിതം ‘വിലമീകരിക്കാൻ’ ഇക്കൂട്ടരെ ഇന്നും പ്രേരിപ്പിക്കുന്നത്.

എന്നാൽ എടവണ്ണയുടെ പൂർവ്വിക പദവിക്കുള്ള ആധാരം മുത്തന്മാർക്ക് പതിച്ചു നൽകുമ്പോൾ തന്നെ ഇവരുടെ ആഗമനത്തെ സംബന്ധിച്ച് ചരിത്രം ഭിന്നാഭിപ്രായത്തിലാണ്. ഇതിൽ പ്രധാനമായും പരാമർശിക്കുന്നത് ടിപ്പു സുൽത്താന്റെ പടയോട്ടവുമായി ബന്ധപ്പെട്ടാണ്. സൈന്യത്തിന്റെ ഭക്ഷണാവശ്യങ്ങൾക്കായി പാത്രങ്ങൾ നിർമിക്കുന്നതിന് കൂടെ കൊണ്ടുവന്ന ഒരു കൂട്ടം കുശവന്മാർ ഇന്നത്തെ പത്തപ്പിരിയത്ത് തമ്പടിച്ചുവെന്നും അവരുടെ തലമുറകളാണ് പിന്നീട് മുത്തൻമാരായി മാറിയതെന്നുമാണ് ഇതിലൊന്ന്.

കോവിലകം വക ആവശ്യങ്ങൾക്കായി കൊണ്ടുവന്ന ‘കൊയപ്പാന്മാരാ’ണ് പിന്നീട് മുത്തൻമാരായി പരിണമിച്ചത് എന്നാണ് മറ്റൊരു കഥ. അയിത്തത്തിന്റെ പേരിൽ പാതവക്കിൽ ജോലി ചെയ്യാൻ അവകാശം നിഷേധിക്കപ്പെട്ട ഇവർ ക്രമേണ പിൻവലിഞ്ഞതായും കുടിയേറ്റം നടത്തിയതായും അനുബന്ധമായി സൂചിപ്പിക്കാറുണ്ട്. എന്നിരുന്നാലും സാഹചര്യത്തെളിവുകൾ വിരൽ ചുണ്ടുന്നത് പുല്ലങ്കോട് രാജ്യവുമായി ബന്ധപ്പെട്ടതാണ് കൂടുതൽ യുക്തിഭദ്രമെന്നതിലേക്കാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങൾ ഏറനാടിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ വീരഗാഥയാണ്. അതിനുമുമ്പ് എ.ഡി. 1000മാണ്ടിൽ ഭരിച്ചിരുന്ന മാനവേലപ്പ മാനവീയന്റെ ഭരണത്തെപ്പറ്റിയും പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യദശങ്ങളിൽ അയൽ രാജാവായ വള്ളുവക്കോനാതിരിയുടെ കയ്യിൽപെട്ട ഏറനാടിന്റെ ചരിത്രവും അവ്യക്തമായെ നിലനിൽക്കുന്നുള്ളൂ.

ചേരമാർ പെരുമാൾ ചക്രവർത്തിയായി വാഴുമ്പോൾ തിരുനാവായയിൽ വിദേശാക്രമണമുണ്ടാവുകയും ആദ്യത്തിൽ പരാജയപ്പെട്ട ചക്രവർത്തി പിന്നീട് ഏറനാട്ടുകാരനായ മാനിച്ചൻ, വിക്രമൻ എന്നീ സഹോദരങ്ങളെ കൂട്ടുപിടിച്ച് വിദേശാക്രമണം ചെറുക്കുകയും വിജയത്തിന്റെ പ്രത്യുപകാരമായി രണ്ട് സഹോദരങ്ങളെയും അനന്തരവന്മാരായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇവരൊരിക്കൽ തീർഥാടനം കഴിഞ്ഞ് തിരികെ വരുമ്പോൾ കാണുന്നത് പെരുമാൾ തന്റെ സാമ്രാജ്യമെല്ലാം വേണ്ടപ്പെട്ടവർക്ക് പകുത്ത് കൊടുത്ത് ഇസ്‌ലാം സ്വീകരിച്ച് നാടുവിടാൻ ഒരുങ്ങി നിൽക്കുന്നതാണ്. സഹോദരന്മാരെ കണ്ടു രാജാവ് തന്റെ പടവാൾ നൽകി ഏറനാട് പ്രദേശം അവർക്ക് സമ്മാനിച്ചാണ് മക്കയിലേക്ക് പോകുന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ചരിത്രപരമായ ചില വിയോജിപ്പുകൾ ഈ സംഭവങ്ങളിലുണ്ടെങ്കിലും പിന്നീട് മാനവവിക്രമാർ എന്ന പേര് സ്വീകരിച്ച് ഏറാടികളായി ഇവർ ഭരണം നടത്തിപ്പോന്നിരുന്നു എന്നതിന് രേഖയുണ്ട്. ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ അവർ പോളനാട് ആക്രമിക്കുകയും അതിന്റെ കീഴിലായിരുന്ന കോഴിക്കോട് സ്വന്തമാക്കുകയും ചെയ്തതായി ഈ ചരിത്രരേഖകൾ വ്യക്തമാക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് ഇവർ ‘ഏറാൾപ്പാട്’ എന്ന സ്ഥാനപ്പേര് മാറ്റി സ്വാമി നമ്പൂതിരി തിരുമുൽപ്പാട് എന്ന പദവി സ്വീകരിച്ചത്. ഇത് പിന്നീട് ലോപിച്ച് സാമൂതിരിയായി.

എടവണ്ണ കോവിലകം വരുന്നു
എടവണ്ണയുടെ ആദ്യകാല ചരിത്രം ഹൈന്ദവ നാഗരികതയാണ് വിളിച്ചോതുന്നത്. പറങ്ങോടൻ പാറ, കൊങ്ങേരി പാറ, പീലിക്കണ്ണൻ പാറ തുടങ്ങിയ കുന്നുകൾ അന്നത്തെ ഹൈന്ദവ പ്രതീകങ്ങളായി കണക്കാക്കാം. ഇവിടുത്തെ ഹൈന്ദവ കുടിയേറ്റത്തെ കുറിച്ച് പഠിക്കുമ്പോൾ നാമെത്തിച്ചേരുന്നത് വിപുലമായൊരു ചരിത്രത്തിലേക്കാണ്.

അവസാന ചേരമാൻ പെരുമാൾ രാജാധികാരം ഉപേക്ഷിച്ച് ഇസ്‌ലാം സ്വീകരിച്ചു നാടുവിടുമ്പോൾ ഉള്ള രണ്ട് അറിയപ്പെട്ട പുരാതന കുടുംബങ്ങളാണ് സാമൂതിരി കോവിലകവും കൂടമണ്ണ കോവിലകവും. രണ്ട് കൂട്ടരെയും ഒന്നിപ്പിക്കുന്നത് അവരുടെ പരദൈവങ്ങളായ തിരുവിളയനാട്ടുകാവ് ഭഗവതിയായിരുന്നു. കാലക്രമേണെ സാമൂതിരി കുടുംബത്തിന് വിപുലമായ രാജ്യാധികാരവും സ്വത്തുവകകളും കൈവന്നപ്പോൾ തങ്ങളുടെ ബന്ധുക്കളായ കൂടമണ്ണ കുടുംബത്തിനെ കൂടി അവർ ഭരണത്തിൽ പങ്കാളികളാക്കി. സാമൂതിരി ഭരണപ്രദേശങ്ങളുടെ കിഴക്കൻ പ്രവിശ്യകളെ നോക്കിനടത്തുന്നതിനായി കൂടമണ്ണ കോവിലകത്തിനെ അധികാരപ്പെടുത്തുകയാണുണ്ടായത്. ഇങ്ങനെ ചാലിയാർ നദിക്ക് സമീപമുള്ള ഒട്ടേറെ പ്രദേശങ്ങൾ ഇവർക്ക് അധീനതയിലായി മാറി. കൂടമണ്ണ കുടുംബത്തിന്റെ ഭരണസിരാകേന്ദ്രമായി അറിയപ്പെടുന്നത് ചിറയിൽ എന്ന സ്ഥലമായിരുന്നു. ബഹുമാന പ്രത്യയം കൂടി കൂട്ടിച്ചേർത്ത് ‘തിരുച്ചിറയിൽ നിന്ന് വന്നവർ’ എന്ന അർഥത്തിലാണ് ആദ്യകാലത്ത് ഇത് തിരുച്ചിറക്കാവ് കോവിലകം എന്ന് വിളിച്ചുപോന്നത്. കാലാന്തരേണ ഭാഷാലോപം മൂലം തച്ചിറക്കാവ് എന്നാണിവരെ അഭിസംബോധന ചെയ്തിരുന്നത്. തച്ചിറക്കാവ് കോവിലകത്തിന് പ്രധാനപ്പെട്ട മൂന്ന് താവഴികളാണുണ്ടായിരുന്നത്.

1. മണ്ണഴി (മമ്പാട്) കോവിലകം
2. എടവണ്ണ കോവിലകം
3. നിലമ്പൂർ കോവിലകം

ഇതിൽ മണ്ണഴി കോവിലകം പിന്നീട് ആൺപ്രജകളില്ലാതെ അന്യം നിന്നുപോവുമെന്ന ഘട്ടം വന്നപ്പോൾ നിലമ്പൂർ കോവിലകത്തിൽ ലയിച്ചു.

അൽപം ഐതിഹ്യം
അനുവാചകമനസ്സിന് ചരിത്രത്തേക്കാൾ നനവ് നൽകുന്നത് ഐതിഹ്യങ്ങളാണ്. വാക്കും അർഥവും പോലെ യാഥാർഥ്യവും ഭാവനയും ഇഴപിരിച്ചെടുക്കാൻ കഴിയാത്തവിധം കൂടിക്കുഴഞ്ഞതാണ് മിത്തുകൾ. ചരിത്രമെന്ന മാലയിലെ മുത്തുകളെ പരസ്പരം കൂട്ടിയിണക്കാൻ ദൃശ്യഗോചരമല്ലാതെ നിലനിൽക്കുന്ന ചരടിന് സമാനമാണ് ചരിത്രത്തിൽ ഐതിഹ്യങ്ങൾ. എടവണ്ണയുടെ ചരിത്രത്തിലേക്കെത്തിനോക്കുമ്പോഴും ഇത്തരമൊരുപാട് ഐതിഹ്യങ്ങൾ കാണാം.

കോവിലകത്തെ തമ്പുരാട്ടിക്കുട്ടി രുക്മണി പാമ്പു തീണ്ടി മരിച്ചു! കോവിലകം തമ്പുരാന്റെ ദുഃഖം നാട് നെഞ്ചേറ്റി. എടവണ്ണ നഗരത്തിന്റെ പൊതു വീഥിയിലൂടെ മൂടിക്കെട്ടിയ മനസ്സോടെ വിലാപയാത്രയായി ജഡം സംസ്കാരത്തിനായി കൊണ്ടുപോകുകയായിരുന്നു. അപ്പോഴതാ വിലങ്ങു തടിയായി ഒരു വൃദ്ധൻ പ്രത്യക്ഷപ്പെടുന്നു; പത്തിരിയാല്‍ സ്വദേശി കുഞ്ഞിരായിൻപാപ്പ! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി മലയിൽ പള്ളിയിലേക്ക് പോകുന്നതിനിടയിലാണ് പാപ്പ തമ്പുരാട്ടിക്കുട്ടിയുടെ വിലാപയാത്ര കാണുന്നത്. മൃതദേഹം കോവിലകത്തേക്ക് തന്നെ കൊണ്ടുപോകുവാൻ പാപ്പ ആവശ്യപ്പെട്ടു. ഏറെ വാഗ്വാദങ്ങൾക്ക് ശേഷം നിർബന്ധത്തിനു വഴങ്ങി തമ്പുരാട്ടിക്കുട്ടിയുടെ ജഡം കോവിലകത്തേക്ക് തന്നെ തിരിച്ചെത്തി. നാട്ടുകാരെ മാറ്റിനിർത്തി കുഞ്ഞിരായിൻ പാപ്പ തന്റെ ചികിത്സ തുടങ്ങി. നേരം ഏറെയായി. ആളുകൾ ആകാംക്ഷ നിറഞ്ഞ അടക്കം പറച്ചിലുകൾ ആരംഭിച്ചിച്ചു. രുക്മണി മരിച്ചിട്ടില്ലെന്നും ചില പ്രത്യേക പച്ചമരുന്നുകൾ കൂട്ടിപ്പിഴിഞ്ഞ് മൂക്കിൽ നസ്യം ചെയ്തത് ചികിത്സിക്കുകയാണെന്നും അതല്ല പാപ്പ ധ്യാനനിമഗ്നനായി ചില മാന്ത്രിക വിദ്യയുപയോഗിക്കുകയാണെന്നും ആളുകൾക്കിടയിൽ മുറുമുറുപ്പുകളുയർന്നു. എന്തായാലും തമ്പുരാട്ടിക്കുട്ടി എണീറ്റിരുന്നു!

ആശ്ചര്യത്തിന്റെ പരകോടിയിൽ നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും ഇറങ്ങി വന്ന തമ്പുരാൻ നിറകണ്ണുകളോടെ പാപ്പയെ ആശ്ലേഷിച്ചു. ഇതിന് പകരമായി ഞാൻ എന്താണ് നൽകേണ്ടത്? തമ്പുരാന്റെ ചോദ്യത്തിന് ഒന്നും വേണ്ടെന്നായിരുന്നു മറുപടി. ഒടുവിൽ തമ്പുരാന്റെയും കൂടിനിന്ന ജനങ്ങളുടെയുമെല്ലാം നിർബന്ധത്തിന് വഴങ്ങി കുഞ്ഞിരായിൻ പാപ്പ തന്റെ ആഗ്രഹമറിയിച്ചു: “നമസ്കരിക്കാനൊരു പള്ളിയും നാൽപതാളുകൾക്ക് താമസിക്കാനുള്ള വീടും.” ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത് നിർമിച്ചു നൽകി തമ്പുരാൻ. ഇന്ന് മേത്തലങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന കല്ലുവെട്ടി പള്ളിയുടെ ഉത്ഭവ ചരിത്രം ഇങ്ങിനെയാണ് എന്നാണ് ഐതിഹ്യത്തിന്റെ പാടുവീണ ചരിത്രം പറയുന്നത്. പട്ടണത്തിൽ നിന്ന് മാറി ഉൾഭാഗത്തായിട്ട് പോലും ഇവിടെ വീടുകൾ അടുപ്പിച്ചടുപ്പിച്ച് നിലനിൽക്കാൻ കാരണം ഇതാണത്രെ. കല്ലുവെട്ടി പള്ളിയുടെ മാതൃക പരിശോധിച്ചാൽ ആദ്യകാല ഹൈന്ദവ വാസ്തുവിദ്യയുമായുള്ള ഇതിന്റെ സാമ്യത മനസ്സിലാക്കാം. എടവണ്ണ പ്രദേശത്ത് മുസ്‌ലിം സമുദായത്തിന്റെ പെട്ടെന്നുള്ള വർധനവിന് കാരണമായി പറയപ്പെടുന്നത് പ്രസ്തുത സംഭവമാണ്.

എന്നാൽ എടവണ്ണയിലേക്ക് മുസ്‌ലിംകൾ കടന്നുവന്നതോ? അതിന് കുറച്ച് കാലംകൂടി പിന്നോട്ട് സഞ്ചരിക്കേണ്ടി വരും.

ഇസ്‌ലാമിന്റെ ആഗമനം
ശ്രീലങ്കയിലെ ആദം മലയിലേക്ക് പോകുന്ന മാലിക് ബിനു ദീനാറിന്റെ നേതൃത്വത്തിലുള്ള ഒരു തീർഥാടകസംഘം കൊടുങ്ങല്ലൂരിൽ കപ്പൽ ഇറങ്ങുകയും അന്നത്തെ ചേരൻമാൻ പെരുമാൾ അവരെ സ്വീകരിച്ച് ഇസ്‌ലാം മതമാശ്ലേഷിച്ച് മക്കത്ത് പോവുകയും ചെയ്ത കഥ കേരളത്തിലെ ഇസ്‌ലാമികോൽപത്തിയെക്കുറിച്ച് ഏറെ സുവിദിതമാണല്ലോ. രാജ്യം അനന്തരാവകാശികൾക്കായി വീതിച്ചു നൽകി താജുദ്ദീൻ എന്ന പേര് സ്വീകരിച്ച് മക്കത്ത് പോയി നബിയെ സന്ദർശിച്ച രാജാവ് മടക്കയാത്രയിൽ ശഹർമുഖല്ലയിൽ വെച്ച് രോഗബാധിതനായി. മരിക്കുന്നതിനു മുമ്പ് നാട്ടിലെ മതപ്രചാരണത്തിനായി സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ട് ഭരണാധികാരികൾക്ക് കത്തുകൾ ഏൽപ്പിക്കുകയും ഇത് ഉപയോഗിച്ച് മലബാറിൽ 10 പള്ളികൾ സ്ഥാപിക്കുകയും ചെയ്തതായാണ് ചരിത്രം പറയുന്നത്. കേരളപ്പഴമ, കേരളോൽപ്പത്തി, തുഹ്ഫത്തുൽ മുജാഹിദീൻ, ഫെരിഷ്ത… തുടങ്ങി നിരവധി ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട് എങ്കിലും സാഹചര്യ തെളിവുകളുടെ അഭാവത്താലും ചരിത്ര വൈരുധ്യങ്ങളുടെ ആധിക്യത്താലും ഏറെ വിമർശനവിധേയമാണ് പ്രസ്തുത സംഭവം.

മലബാറിൽ മുസ്‌ലിംകൾക്ക് വിത്തിറക്കാൻ മണ്ണ് കിട്ടാൻ കാരണം പെരുമാളിന്റെ കത്താണെങ്കിൽ അവരെ വെള്ളവും വളവും നൽകി വളർത്തിയത് കോഴിക്കോട് സാമൂതിരിയാണ്.

തീരദേശ പ്രദേശങ്ങളിലാണ് ഇസ്‌ലാം പെട്ടെന്ന് വളരുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് കടൽ മുറിച്ച് കടക്കാൻ ഹൈന്ദവർക്കുണ്ടായിരുന്ന മതപരമായ വിലക്കാണ്. ഇതിന് പരിഹാരമായി സാമൂതിരി തന്റെ നാവിക സൈന്യത്തിലും കച്ചവടക്കപ്പലുകളിലും ജീവനക്കാരായി ഇസ്‌ലാം മതവിശ്വാസികളെ നിയമിച്ചു. തീരദേശത്തെ ഇവരുടെ ആചാരവിലക്കുകൾ പരിഹരിക്കാനായി മുക്കുവ കുടുംബത്തിൽ ജനിക്കുന്ന ഒരു ആൺകുട്ടിയെ മുസ്‌ലിമായി വളർത്താൻ വരെ സാമൂതിരി കൽപ്പിക്കുകയുണ്ടായി. ഇവർ ‘പുതു ഇസ്‌ലാം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്രമേണ അത് ലോപിച്ച് പൂസലാന്മാരായി മാറുകയാണുണ്ടായത്. മുസ്‌ലിം വർത്തകരുടെ നേതാവായ പോർട്ട് ഓഫീസർ സാബന്ത്രക്കോയക്ക് മാമാങ്കത്തിൽ സാമൂതിരിയുടെ ഇടതുഭാഗത്ത് ഇരിക്കാനും വെള്ളിയാഴ്ച പള്ളിയിൽ പോവാത്തവരെ ശിക്ഷിക്കാൻ നിയമം നിർമിക്കാനും വരെ മതസഹിഷ്ണുത കാണിച്ച അന്നത്തെ കേരളീയ ചുറ്റുപാടിൽ പെട്ടെന്നാണ് മാറ്റത്തിന്റെ കാർമേഘങ്ങൾ ഇരുണ്ടു കൂടിയത്! കേരള സംസ്കാരത്തിന്റെ ദിശാപ്രയാണത്തിൽ അനുചിതമായ ഒരു മാർഭ്രംശമായി കലാശിച്ചു പിന്നീടത്.

ഗാമ: അധിനിവേശത്തിന്റെ വിഷബീജം
മലബാറിലേക്ക് കടന്നുവരുന്ന ഓരോ വിദേശ കപ്പലിനും ഓരോ ഹിഡൻ അജണ്ടയുണ്ടായിരുന്നു. പോർച്ചുഗീസുകാരെ സംബന്ധിച്ചിടത്തോളം ഈ അജണ്ട എന്താണെന്ന് പ്രമുഖ പോർച്ചുഗീസ് ചിത്രകാരനായ എ.എഫ് ഡെയിലിൽ നിന്നും തന്നെ ഉദ്ധരിക്കാം. “പോർച്ചുഗീസുകാർ ഇന്ത്യാ സമുദ്രത്തിൽ പ്രവേശിച്ചത് കച്ചവടവും ലാഭവും ഉദ്ദേശിച്ചല്ല. മറിച്ച് ചന്ദ്രക്കലയോടുള്ള കുരിശിന്റെ അടങ്ങാത്ത പ്രതികാരവുമായിട്ടാണ് അവർ വന്നത്.”

AD. 1500ലെ ഗാമയുടെ രണ്ടാം വരവിലാണ് ഇത് ഏറെ പ്രകടമായത്. എല്ലാ മുസ്‌ലിംകളെയും നഗരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടത് നിരസിച്ച സാമൂതിരിയുമായി ഗാമ പീരങ്കി യുദ്ധം നടത്തുകയും പിടികൂടിയ മുസ്‌ലിംകളുടെ ചെവിയും മൂക്കും കൈകളും മുറിക്കുകയും പല്ലുകൾ ഗദ കൊണ്ട് തൊണ്ടയിലേക്ക് കുത്തിയിറക്കി കപ്പലിൽ കെട്ടിവെക്കുകയും ചെയ്ത ഹൃദയഭേദകമായ ചരിത്രം അക്കാലങ്ങളിലെ എല്ലാ സാഹിത്യ, ചരിത്ര ഗ്രന്ഥങ്ങളിലും വിശദമായി വിവരിച്ചിരിക്കുന്നത് കാണാം.

പോർച്ചുഗീസുകാരുടെ കൊടിയ ക്രൂരതകൾ കണ്ട് രോഷംപൂണ്ട് അതിനെതിരെ വിശുദ്ധ യുദ്ധം നടത്താൻ ആഹ്വാനം ചെയ്യുന്ന ഖാളി മുഹമ്മദിന്റെ ഫത്ഹുൽ മുബീൻ, സൈനുദ്ദീൻ മഖ്‌ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ, ഫീ ബഅദി അഖബാറിൽ ബുർതുഗാലിയ്യീൻ… തുടങ്ങിയ രചനകൾ വിരചിതമായത് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.

എടവണ്ണയുടെ ഇസ്‌ലാമിക പൈതൃകം, ഗാമ കാരണക്കാരനോ?
അതെ! എടവണ്ണയുടെ ഇസ്‌ലാമികാവിർഭാവത്തിനും വളർച്ചക്കും പ്രധാന കാരണക്കാരൻ വാസ്ഗോഡ ഗാമയാണ് എന്നതിലേക്കാണ് ചരിത്രം വിരൽചുണ്ടുന്നത്. പോർച്ചുഗീസ് ക്യാപ്റ്റൻ ഗാമയുടെ വ്യാപകമായ മുസ്‌ലിംവേട്ട തീരദേശം വിട്ട് ഒളിച്ചോടാൻ മുസ്‌ലിംകളെ നിർബന്ധിതരാക്കി. നദികളിലൂടെ കൈവഞ്ചികളിലായും നദീതടങ്ങളിലൂടെ കാൽനടയായും കൂട്ടംകൂട്ടമായി അക്രമത്തിനിരയായ മുസ്‌ലിംകൾ ഉൾനാടുകളിലേക്ക് ചേക്കേറി. തിരൂരങ്ങാടി, മമ്പുറം, ഫറോക്ക്, വാഴക്കാട്, അരീക്കോട്, എടവണ്ണ തുടങ്ങിയ പ്രദേശങ്ങളുടെ നദീതടങ്ങളിൽ ഇങ്ങനെയാണ് അവർ എത്തിപ്പെടുന്നത്. ഇതിൽ തന്നെ എടവണ്ണക്ക് മുകളിലേക്ക് പുഴക്ക് ആഴം കുറവായതിനാൽ ശേഷിച്ചവർ മുഴുവനായും ഇവിടെ ഇറങ്ങിയിരിക്കാം. നദിക്കരയിലുള്ള എടവണ്ണ കോവിലകവുമായി ഈ കുടിയേറ്റക്കാർ ബന്ധപ്പെട്ടിരുന്നിരിക്കണം. ഇത് ‘അയിത്തം ബാധിക്കാത്ത’ മുസ്‌ലിംകളെ തങ്ങളുമായി കൂടുതൽ ബന്ധപ്പെടാൻ അവരെ പ്രേരിപ്പിച്ചിരിക്കാം.

എന്നാൽ പെട്ടെന്നുള്ള മുസ്‌ലിം വളർച്ചക്ക് കാരണമായി വർത്തിച്ചത് ഇതൊന്നുമല്ല, മറിച്ച് അക്കാലത്ത് ഹൈന്ദവർക്കിടയിൽ നിലനിന്നിരുന്ന ജന്മി സമ്പ്രദായമാണിതിന് പ്രേരകം. ഭൂവുടമകളായ ഹിന്ദു ജന്മിമാരും അടിമപ്പണി ചെയ്തിരുന്ന ദളിത് വർഗവുമടങ്ങിയിരുന്ന സമൂഹത്തിലേക്ക് മധ്യമ വർഗമാ(കുടിയാന്മാർ)യാണ് മുസ്‌ലിംകൾ കടന്നുവന്നത്. തൊട്ടാൽ അശുദ്ധമാക്കുന്ന തീണ്ടലും വായു അശുദ്ധമാകുന്ന അയിത്തവും മുസ്‌ലിമായാൽ മാറിക്കിട്ടും എന്നുള്ള ചിന്തയായിരിക്കാം ഇവരെ പരിവർത്തനത്തിന് പ്രേരിപ്പിച്ചത്. ഇവരെ കൂടാതെ പരദേശികളും ചെട്ടികളും ഈഴവരുമായിരുന്നു അമുസ്‌ലിംകൾ. ഇവരും വൻതോതിൽ മതപരിവർത്തനം നടത്തിയിരുന്നു എന്ന് മനസ്സിലാക്കാം.

തെങ്ങുകയറ്റക്കാരായ ഈഴവരിൽ നിന്നുള്ള മനം മാറ്റത്തിന്റെ പ്രതീകമായിരിക്കാം അക്കാലങ്ങളിൽ മുസ്‌ലിംകൾ അരയിൽ തിരുകിയിരുന്ന കത്തി സൂചിപ്പിച്ചിരുന്നത്. 1770-1780നും ഇടയിൽ 10 വർഷം കൊണ്ട് 50000 താഴ്ന്ന ജാതിക്കാർ ഇസ്‌ലാം സ്വീകരിച്ചതായി അന്നത്തെ മലബാർ കളക്ടറായിരുന്ന വില്യം ലോഗൻ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഈഴവർ ഈഴവ ക്രിസ്ത്യാനികളും, പുലയർ പുലയ ക്രിസ്ത്യാനികളുമായി തുടരുന്നതാണ് ക്രിസ്ത്യാനിറ്റിയയിലേക്കുള്ള ഒഴുക്ക് കുറയാനും ഇസ്‌ലാമിലേക്ക് പരിവർത്തിക്കപ്പെടാനും ഇടയാക്കിയത്. എടവണ്ണ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എടവണ്ണ കോവിലകം വാസമൊഴിയുകയും അമരമ്പലത്തിലേക്ക് മാറി അമരമ്പലം കോവിലകം എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ഇതിലേക്ക് നയിച്ച കാരണങ്ങൾ പുനർവായനക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

ടിപ്പു ‘പണിത’ നാഴികക്കല്ലുകൾ
ഭൂമിശാസ്ത്രപരമായ വികസനത്തിൽ എടവണ്ണ എന്നും കടപ്പെട്ടിരിക്കുന്നത് മൈസൂർ സിംഹം ടിപ്പു സുൽത്താനോടാണ്. 1788 താമരശ്ശേരി ചുരം ഇറങ്ങി വന്ന ടിപ്പു അരീക്കോടും മഞ്ചേരിയിലും എടവണ്ണയിലും തമ്പടിച്ചിരുന്നു. ഇക്കാലങ്ങളിൽ ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു ചെയ്ത പൊതുമരാമത്ത് പ്രവർത്തനങ്ങൾ എടവണ്ണയുടെ ഭൗതിക പുരോഗതിയിൽ തുല്യതയില്ലാത്തതാണ്. എടവണ്ണ – അരീക്കോട് റോഡും, എടവണ്ണ – മഞ്ചേരി റോഡും ഒതായി വഴി അരീക്കോട് റോഡും കൂടാതെ എടവണ്ണ അങ്ങാടിയിൽ നിന്ന് കുന്നുംപുറം വഴി വണ്ടൂർ വഴിയിൽ ചേരുന്ന ടിപ്പുസുൽത്താൻ റോഡും ടിപ്പുവിന്റെ നിർമിതകളായാണ് അറിയപ്പെടുന്നത്. ടിപ്പുവിനെ വഹിച്ച രഥചക്രങ്ങളും സൈന്യത്തിന്റെ കുതിരക്കുളമ്പടിയും നെഞ്ചിലേറ്റിയവയാണ് ഇവയിലോരോന്നും.

എന്നാൽ ചാന്നാർ ലഹളക്കും 200 വർഷം മുമ്പ് സ്ത്രീകൾക്ക് മാറുമറക്കാൻ അവകാശം നൽകുകയും ‘സംബന്ധം’ നിരോധിക്കുകയും ചെയ്ത ടിപ്പു എടവണ്ണയിൽ കാര്യമായ സാംസ്കാരിക പ്രവർത്തനങ്ങൾ ഒന്നും നടത്തിയതായി അറിയുകയില്ല. മാത്രമല്ല, അരീക്കോട് തമ്പടിച്ചപ്പോൾ തങ്ങൾക്കൊരു പള്ളി നിർമിക്കണമെന്ന ആവശ്യവുമായി ചെന്ന മമ്പാട്ടെ ഒരു പ്രതിനിധി സംഘത്തെ കോവിലകത്തിന്റെ പിൻബലമില്ലാതെ പള്ളി നിർമിച്ചാൽ തന്റെ അസാനിധ്യത്തിൽ അത് നിലനിർത്താൻ സാധിക്കുകയില്ലെന്ന സാങ്കേതികത്വം പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. പിന്നീട് കോവിലകം മുൻകയ്യെടുത്ത് പള്ളി നിർമിച്ചു എന്നും, അതാണ് ഇപ്പോഴത്തെ മമ്പാടുള്ള പഴയ പള്ളി എന്നും പറയപ്പെടുന്നു.

മലബാർ കലാപം
മലബാർ കലാപം കിഴക്കൻ ഏറനാട്ടിലും അതുൾക്കൊള്ളുന്ന എടവണ്ണയിലും പരിസരപ്രദേശത്തും ഒന്നാകെ ബാധിക്കുകയല്ല ഉണ്ടായത്. മറിച്ച് ഒറ്റപ്പെട്ട സംഭവങ്ങൾ സായുധരൂപം പൂണ്ട് വിപ്ലവമായി പരിവർത്തിക്കുകയും പിന്നീടത് സാവധാനം ഉണങ്ങിക്കരിഞ്ഞ് വരുന്നതിനിടെ അടുത്ത കലാപത്തിന് തിരികൊളുത്തുകയുമാണുണ്ടായിട്ടുള്ളതെന്ന് കാണാവുന്നതാണ്. എടവണ്ണയിൽ നടന്ന ചെറുതും വലുതുമായ സായുധ തിരിച്ചടികളുടെ ഉദാഹരണങ്ങൾ നിരത്തി ഇത് തെളിയിക്കാനാകും.

ഒതായി ദുരന്തം
എടവണ്ണയുടെ തൊട്ടടുത്ത പ്രദേശമായിരുന്ന ഒതായി നിസ്സഹകരണ- ഖിലാഫത്ത് പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പുത്തൻ വീട്ടിൽ മുഹമ്മദാജിക്ക് പ്രസ്ഥാനം സായുധരൂപം പൂണ്ടതിനോട് യോജിക്കാൻ കഴിഞ്ഞില്ല. തന്റെ വാദം ശക്തമായി ജനമധ്യത്തിൽ അവതരിപ്പിച്ച് തുടങ്ങിയപ്പോൾ അനുയായികൾ പുതിയൊരു പേര് നൽകി.’ ബ്രിട്ടീഷ് ഏജന്റ്’. സ്വന്തം അനുചരന്മാരിൽ നിന്ന് കുത്തുവാക്കുകളും പീഡനവും അനുഭവിച്ച മുഹമ്മദ് ഹാജിയും കുടുംബവും കിടപ്പാടം വിട്ട് എടവണ്ണയിലേക്ക് താമസം മാറ്റി. കലാപകാരികൾക്കിത് തീരെ പിടിച്ചില്ല. അവർ അദ്ദേഹത്തിന്റെയും സഹോദരൻ ആലസ്സൻകുട്ടിയുടെയും കടകളും വീടുകളും ചുട്ടുകരിച്ചു. ബ്രിട്ടീഷ് പട്ടാളം ഈ സാഹചര്യം മുതലെടുത്തു ഒതായിലേക്ക് തിരിച്ചു.

മമ്പുറം പള്ളി തകർത്തു സെയ്തലവി തങ്ങളെ അറസ്റ്റ് ചെയ്തുവെന്ന കിംവദന്തിയിൽ പ്രകോപിതരായി നിന്നിരുന്ന കലാപകാരികൾക്ക് ബ്രിട്ടീഷുകാരുടെ വരവിന്റെ ഉദ്ദേശ്യം ഒതായിപള്ളി ധ്വംസനമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. വാർത്തയറിഞ്ഞ് എടവണ്ണയിൽ നിന്നും ചാത്തല്ലൂരിൽ നിന്നും മുണ്ടേങ്ങരയിൽ നിന്നും ഒരുമിച്ച് കൂടിയ കലാപകാരികൾക്ക് ബ്രിട്ടീഷുകാരുടെ ഇടനിലക്കാരനായ പുത്തൻവീട്ടിൽ കോയമാമു സാഹിബ് അയച്ച അടിയന്തര സന്ദേശം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ” നാലോ അതിൽ കൂടുതലോ ആൾക്കാർ കൂടി നിൽക്കരുത്, പള്ളിയിൽ സംഘം ചേരരുത്, വീട്ടിൽ നിന്നാരും പുറത്തിറങ്ങരുത്, വെടി പൊട്ടിയാൽ കമിഴ്ന്നു കിടക്കണം…” ഒതായി ഖിലാഫത്ത് അമീർ വലിയ പീടിയേക്കൽ ബീരാൻകുട്ടി ഹാജി സന്ദേശം വലിച്ചു കീറിയെറിഞ്ഞു കൂട്ട ബാങ്ക് കൊടുക്കാൻ അനുയായികൾക്ക് നിർദേശം നൽകി. ജമേദാർ പോഡിംഗ് പട്ടാളത്തിന്റെ ദൂതുമായി വീണ്ടും കോയമാമു സാഹിബിനെ പള്ളിയിലേക്ക് വിട്ടു. നിരാശയായിരുന്നു ഫലം. പിന്നീടുള്ള സംഭവം പ്രക്ഷോഭത്തിലെ പ്രാദേശിക അമീർ ആയിരുന്ന കണ്ടംകുളങ്ങര മുഹമ്മദിന്റെ അനിയന്റെ മകൻ കണ്ടംകുളങ്ങര മൊയ്തീന്റെ വാക്കുകളിൽ: “പട്ടാളം പള്ളിമുറ്റത്ത് കയറി. പള്ളിയിൽനിന്ന് ഉച്ചത്തിൽ തക്ബീർ മുഴങ്ങി കൂട്ടത്തിൽ ഒരു വെടിയൊച്ചയും നോക്കുമ്പോൾ ജമേദാർ പോഡിംഗ് തറയിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നു. പള്ളിയിൽനിന്ന് വെടിവെച്ചതാണ്. പട്ടാളം പള്ളി വളഞ്ഞു. തുടർന്ന് തുരുതുരാ വെടിവെപ്പാണ്. കണ്ടുനിന്ന ഞങ്ങൾ നിലവിളിച്ചോടി. അതിനിടയിൽ പള്ളിയിൽ നിന്ന് സക്കറാത്തുൽ മൗത്തിന്റെ അതിഭയങ്കരമായ ശബ്ദം. പിന്നീടാണ് അറിഞ്ഞത്, വെടിയൊച്ചയുടെ മറവിൽ പട്ടാളം പള്ളിയിൽ കയറി നിരപ്പലക മാറ്റി ബോംബിട്ടതാണ്. ജീവൻ ബാക്കിയുള്ളവരെ പട്ടാളം കയറി ബയണറ്റുകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പള്ളിയുടെ മുകളിൽ അറ്റകൈകളും കാലുകളും തലകളും രക്തത്തിൽ മുങ്ങിക്കിടന്നു. 29 ആളുകൾ അന്ന് ശഹീദായി. അവരെ പിന്നീട് ഉടുത്ത വസ്ത്രത്തോടെ എടവണ്ണ ചോലക്കൽ കുന്നിൻ മുകളിൽ വലിയൊരു കുഴി കുഴിച്ച് അടക്കം ചെയ്തു. അന്ന് കാണാതായതാണ് മൂത്താപ്പ മുഹമ്മദാജിയെ. ഇടക്ക് ബെല്ലാരി ജയിലിലോ മറ്റോ ഉണ്ടെന്ന് കേട്ടിരുന്നു.”

എടവണ്ണയുടെ രാഷ്ട്രീയം
ദേശീയ പ്രസ്ഥാനത്തിന്റെ അലയടികളാണ് എടവണ്ണയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടിത മുന്നേറ്റത്തിന് കാരണമായി ഭവിച്ചത്. മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ഇക്കാലത്ത് നിരന്തരം എടവണ്ണയുമായി ബന്ധപ്പെട്ടിരുന്നു. ഒതായിയിൽ ഖാദിപ്രസ്ഥാനം തുടങ്ങിയതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതും ഈ സമയത്താണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി വാരിയൻകുന്നൻ എടവണ്ണയുമായി ബന്ധപ്പെട്ടിരുന്നതായി മലബാർ കലാപ ചരിത്ര രേഖകളിൽ കാണാം.

1930കളിൽ ജന്മിത്തത്തിനെതിരെ കർഷകരുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണ് എടവണ്ണയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളം വെച്ചത്. ചളിപ്പാടത്തും ചെമ്പക്കുത്തും രൂപീകരിച്ച കർഷക സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഇതിൽ എടുത്തു പറയേണ്ടതാണ്. നിരോധന കാലത്ത് കമ്മ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്, സഖാവ് കുഞ്ഞാലി, കെ.വി ഗോപാലൻ, കെ.വി ഇസഹാക്ക്, കെ.പി.ആർ, എ.കെ ഗോപാലൻ തുടങ്ങിയവർ ചെമ്പക്കുത്ത് ഒളിച്ചു താമസിച്ചിരുന്നു. ഇക്കാലത്തെ ഇവരുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായാണ് തടിയ പുലവൻ കുഞ്ഞുകാക്ക, ചേർക്കുന്നൻ ഹൈത്തുട്ടി തുടങ്ങിയ എടവണ്ണയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ടായത്. അക്കാലത്ത് ഏറെ പ്രമാദമായ ‘ജ്ജ് നല്ല മനുഷ്യനാകാൻ നോക്ക്’ എന്ന നാടകം ഉസ്മാൻ ഡോക്ടറുടെ നേതൃത്വത്തിൽ ആദ്യമായി അരങ്ങേറിയതും എടവണ്ണയിലാണ്.

പേരൂൽ അഹമ്മദ് സാഹിബ് ലീഗിൽ ചേർന്നതോടെയാണ് എടവണ്ണയിലെ ലീഗ് പ്രവർത്തനത്തിന് യഥാർഥ സംഘടിത സ്വഭാവം കൈവരുന്നത്. എരഞ്ഞിയിൽ കാദർ, പുത്തൻപീടിക അബ്ദുല്ല, എ കുഞ്ഞിപ്പരി, പ്രഥമ പഞ്ചായത്ത് പ്രസിഡന്റ് പി.വി അലവിക്കുട്ടി സാഹിബ്, പി.ടി വീരാൻ കുട്ടി എന്നിവരായിരുന്നു ലീഗിന്റെ ആദ്യകാല പ്രവർത്തകർ.

1948ൽ ലീഗ് വളണ്ടിയറായിരുന്ന എടവണ്ണക്കാരൻ എ വീരാൻ സാഹിബ് ജയിൽ മോചിതനായി തിരിച്ചുവരുമ്പോൾ നൽകിയ സ്വീകരണത്തിൽ ഖാഇദേ മില്ലത്ത് ഇസ്മായിൽ സാഹിബ് സന്നിഹിതനായിരുന്നു. എന്നാൽ എടവണ്ണയിലെ യഥാർഥ മണ്ണിന്റെ മണമുള്ള രാഷ്ട്രീയ പ്രവർത്തകനായി അറിയപ്പെടുന്നത് ഏറനാടിന്റെ വീരപുത്രൻ മർഹൂം സീതിഹാജിയാണ്. ജീവിതത്തിലേക്ക് നടന്നു കയറിയ ഹാജി പിന്നീട് തന്റെ ലോകപരിചയം മാത്രം കൈമുതലാക്കി കേരള രാഷ്ട്രീയത്തിന്റെ ഉത്തുംഗതയിലേക്ക് ഉയർന്നുവന്നു. എടവണ്ണയിലെയും പരിസരപ്രദേശങ്ങളിലെയും ഏതൊരു പുരോഗതിയിലും സീതി ഹാജിയുടെ വിയർപ്പിന്റെ ഉപ്പ് ഇല്ലാതില്ല.

നവോത്ഥാന കാലഘട്ടം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മലയാളക്കരയെ സംബന്ധിച്ചിടത്തോളം ഏറെ അരോചകമായിരുന്നു. ഭൗതികവും ആത്മീയവുമായ സകലരംഗത്തും അധഃപതനത്തിന്റെ കൂരിരുൾ മുറ്റിയ അന്തരീക്ഷം. അക്കാലത്തെ കേരളത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു എടവണ്ണയിലും പരിസരപ്രദേശങ്ങളിലും ദൃശ്യമായിരുന്നത്. ആര്യനെഴുത്ത് ഹറാമും കയ്യെഴുത്ത് നിഷിദ്ധവും ഇംഗ്ലീഷ് നരകത്തിലെ ഭാഷയുമായി സങ്കൽപ്പിച്ചിരുന്ന വിദ്യാഭ്യാസ രംഗം. ആഗ്രഹങ്ങളും പ്രതീക്ഷകളും ആകാംക്ഷയും ആഹ്ലാദവും എല്ലാം ശവകുടീരത്തിലെ നുരുമ്പിച്ച എല്ലുകൾക്ക് മുമ്പിൽ അടിയറവെച്ച ആത്മീയരംഗം. ഇരുട്ടിന്റെ കടുത്ത കരിമേഘക്കെട്ടുകൾക്കുള്ളിൽ നിന്നും സൂര്യൻ മിഴി തുറക്കാൻ മടിച്ച കൈരളിയുടെ ദൈന്യത മുറ്റിയ ഭൂതകാലം.

ഈയൊരു ഘട്ടത്തിലാണ് കേരളത്തിന്റെ അറ്റത്ത് നവോത്ഥാനത്തിന്റെ കൈത്തിരി മിന്നിത്തുടങ്ങിയത്. കെ.എം മൗലവിയും വക്കം അബ്ദുൽ ഖാദർ മൗലവിയും സീതി സാഹിബും തെളിയിച്ച ദീപശിഖയിൽ നിന്നാണ് ഒരു നിമിത്തമെന്നപോലെ എടവണ്ണക്കാർക്കും ആവോളം വെളിച്ചം കിട്ടിയത്.

മദ്രാസിൽ നിന്ന് എടവണ്ണയിലേക്ക് കുടിയേറിപ്പാർത്ത വ്യവസായ പ്രമുഖനായിരുന്നു കൊണ്ടാങ്ങാടൻ അഹമ്മദ് സാഹിബ്. അക്കാലത്ത് വക്കം അബ്ദുൽ ഖാദിർ മൗലവിയുമായി അഹമ്മദ് സാഹിബിനെ അടുത്തബന്ധമുണ്ടായിരുന്നു. എടവണ്ണയുടെ സാമൂഹിക പ്രസക്തിയും ഭൂമിശാസ്ത്രപരമായ ഔന്നത്യവും ഇപ്പോൾ നിലനിൽക്കുന്ന സാംസ്കാരികാപചയവും സൂചിപ്പിക്കുന്ന കൂട്ടത്തിലൊരിക്കൽ അദ്ദേഹം സ്വദേശിയായ അറക്കൽ വലിയ മുഹമ്മദ് സാഹിബിനെ മൗലവിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സാഹിബിനെ കുറിച്ച് കേട്ടറിഞ്ഞ മൗലവി എടവണ്ണയിൽ വരികയും അദ്ദേഹത്തിന്റെ കൂടെ രണ്ടുദിവസം താമസിക്കുകയും ചെയ്തു. എടവണ്ണയുടെ പിന്നാക്കാവസ്ഥയ്ക്ക് ഏക കാരണം ജനങ്ങൾ അവരുടെ വേദഗ്രന്ഥമായ ഖുർആനിൽ നിന്ന് അകന്നതാണെന്നും അതിന്റെ പുനഃസ്ഥാപനത്തിലൂടെ മാത്രമേ ജാഗരണം സാധ്യമാകൂ എന്നും രണ്ടുദിവസത്തെ സംസാരത്തിലൂടെ തന്നെ വക്കം മൗലവി മുഹമ്മദ് സാഹിബിനെ ബോധ്യപ്പെടുത്തി. സത്യം ബോധ്യപ്പെട്ട അദ്ദേഹം എന്ത് ത്യാഗം സഹിച്ചും അത് തന്റെ നാട്ടുകാരിലെത്തിച്ചേ അടങ്ങൂ എന്ന് ശപഥം ചെയ്താണ് പിരിഞ്ഞത്.

മൗലവി തിരിച്ചുപോയതിന്റെ പിറ്റേദിവസം തന്നെ പൗരോഹത്യം ജനങ്ങളെ തളച്ചിട്ട വിവിധ വിഷയങ്ങളുടെ നിജസ്ഥിതി പ്രമാണങ്ങളിൽ നിന്നും വിവരിക്കാനായി ആവശ്യപ്പെട്ടുകൊണ്ട് സ്ഥലം ഖാളി ഉമർ മുസ്ലിയാർക്ക് മുഹമ്മദ് സാഹിബ് കത്ത് നൽകി. അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു എടവണ്ണക്കാരന്റെ ആദ്യ വെടി ഉതിർക്കലായിരുന്നു അത്. നവോത്ഥാനത്തിലേക്കുള്ള പുതിയൊരു കാൽവെപ്പും.

ഖുർആനുമായി സമൂഹത്തിലേക്ക് പ്രവേശിച്ച മൗലവിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. മുസ്ലിയാരകത്തെ അലി ഹസ്സൻ മൗലവി, അറക്കൽ ഉണ്ണിക്കോമു സാഹിബ്, പുത്തൻ വീട്ടിൽ മുഹമ്മദ് ഹാജി… അനുയായി വൃന്ദം അങ്ങനെ വളരുകയായിരുന്നു. ദേശീയ പ്രസ്ഥാനവുമായി സഹകരിച്ച് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഈ ‘കോൺഗ്രസ് വഹാബികളുടെ’ ശ്രമഫലമായി എടവണ്ണ മുണ്ടേങ്ങര ഭാഗങ്ങളിലെല്ലാം സ്കൂളുകൾ സ്ഥാപിതമായി. ഇക്കാലത്ത് എടവണ്ണ മേത്തലങ്ങാടിയിൽ സ്ഥാപിതമായ ‘പെണ്ണ് സ്കൂൾ’ ഈ രംഗത്തെ ഒരു വിപ്ലവം തന്നെയായിരുന്നു. ക്രമേണ ക്രമേണ ആര്യനെഴുത്തിനെതിരെയുള്ള അരിശം നാടുനീങ്ങി.

1930ൽ എരഞ്ഞിക്കൽ സഹോദരന്മാരുടെ ശ്രമഫലമായി യൂസഫ് ഇസ്സുദ്ധീൻ മൗലവി എടവണ്ണ കല്ലുവെട്ടി പള്ളിവരന്തയിൽ 15 ദിവസത്തെ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. ഇതിനെ തുടർന്ന് അലസൻ മുസ്ലിയാരുടെ പട്ടാള സാന്നിധ്യത്തിൽ ഖണ്ഡന പ്രസംഗങ്ങൾ നടന്നു. ജനങ്ങൾക്ക് ആദർശ പഠനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു. ഇതേതുടർന്ന് തൊടികപ്പുലത്തെ മമ്മു മൗലവിയെ കൊണ്ട് വന്ന് ഖുർആൻ പഠനത്തിന് വഴിയൊരുക്കുകയും ചെയ്തു.

മമ്മു മൗലവി തന്റെ കിതാബുകൾ ബൈന്റ് ചെയ്യുന്നതിനായി എടവണ്ണയിൽ നിന്നും കൊണ്ടുപോയ എൻ.സി ഉണ്യാലിക്കുട്ടിയിൽ നിന്നാണ് എടവണ്ണക്കാർ മമ്മു മൗലവിയുടെ ദർസിൽ പഠിക്കുന്ന എ അലവി മൗലവിയെ പരിചയപ്പെടുന്നത്. തുടർന്ന് എടവണ്ണയിൽ ദർസ് നടത്താനായി കൊണ്ടുവന്ന അലവി മൗലവിയെ എടവണ്ണ പള്ളിയിൽ ഖുതുബ നടത്താനായി നിയോഗിച്ചു. സ്ഫുടമായ മലയാള ഭാഷയിൽ കയ്യിൽ വാളില്ലാതെ ഖുതുബ നടത്തിയ അലവി മൗലവി പുതിയൊരു വിവാദത്തിന് തിരികൊളുത്തി.

ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എടവണ്ണ പുന്തിരിത്തി മൈതാനത്ത് 15 ദിവസങ്ങളിലായി വെട്ടം അബ്ദുള്ള ഹാജിയും കെ.സി അബൂബക്കർ മൗലവിയും നടത്തിയ പ്രസംഗ പരമ്പര ജനങ്ങളിൽ പുതിയൊരു ചിന്തക്ക് വഴിമരുന്നിട്ടു. അങ്ങനെ നാട്ടുകാരിൽ 151 ആളുകൾ പേരെഴുതി ഒപ്പിട്ട് മുശാവറ കമ്മിറ്റിക്ക് നൽകിയ കത്തിൽ നബി നിർവഹിച്ചത് പോലെ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഖുതുബ നടത്താൻ ആവശ്യപ്പെട്ടു. എന്നാൽ ബന്ധപ്പെട്ടവർ ഇതിനെതിരെ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചത്. അന്ന് മഗ്‌രിബ് നമസ്കാരശേഷം തന്നെ ജനങ്ങൾ ചേർന്ന് ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഇന്ന് ഏഴോളം പള്ളികളും യത്തീംഖാനയും ഓറിയന്റൽ ഹൈസ്കൂളും നോക്കി നടത്തുന്ന ‘ലജ്നത്തുൽ ഇസ്‌ലാഹ് അങ്ങനെയാണ് പിറക്കുന്നത്.

തുടർന്ന് ആദ്യഘട്ടത്തിൽ അലവി മൗലവിയുടെ നേതൃത്വത്തിൽ ചെറിയപള്ളി കേന്ദ്രീകരിച്ച് മലയാള ഖുതുബയും, സ്ത്രീകൾക്ക് പ്രത്യേക ക്ലാസും, ഖത്തൂബ്ഖാന (ലൈബ്രറി)യും സംഘടിപ്പിച്ചു പോന്നു. ഒരു മാസത്തിന് ശേഷം കെ.എം മൗലവിയുടെ നേതൃത്വത്തിൽ ജനങ്ങൾ വലിയ പള്ളിയിൽ പ്രവേശിക്കുകയും മലയാളത്തിൽ ഖുതുബ നടത്തുകയും സ്ത്രീകൾക്ക് പ്രവേശനാനുമതി നൽകുകയും ചെയ്തു. അതിനും മുമ്പെ കേരളത്തിൽ സ്ത്രീകൾക്ക് പ്രവാചക കാലത്തെ പോലെ ഒതായിയിൽ പള്ളിപ്രവേശനം അനുവദിച്ചിരുന്നു. പള്ളിയിൽ ബാങ്കിന് പകരം ഉപയോഗിച്ചിരുന്ന ‘നകാരം'(ചെണ്ട) എടുത്തു മാറ്റിയതിനേക്കാളേറെ യാഥാസ്ഥിതികരെ ഞെട്ടിച്ചത് പള്ളിയുടെ ചെരുവിൽ നിർമിച്ചിരുന്ന ജാറം പൊളിക്കാൻ തീരുമാനിച്ചതായിരുന്നു. സിമന്റ് തേച്ച് കെട്ടിയുയർത്തിയ ശവകുടീരത്തിൽ പിക്കാസ് പതിച്ചപ്പോൾ പുരോഗമനവാദികളിലടക്കം അന്തർലീനമായി കിടന്നിരുന്ന മനസ്സിലെ ജാറങ്ങൾ തകർന്നു വീഴുകയായിരുന്നു.